ചണ്ഡിഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ ബന്ധുവായ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത പതിനാറുകാരൻ പിടിയിൽ. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് പതിനഞ്ചുകാരിയായ പെൺകുട്ടിയെ ബന്ധുവായ ആൺകുട്ടി കിടക്കയിൽ ബന്ധിച്ച് പീഡനത്തിനിരയാക്കിയത്. പിറ്റേന്ന് സ്‌കൂളിൽ ബോധരഹിതയായി വീണ പെൺകുട്ടി പീഡന വിവരം അധ്യാപികയെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ അറിയിച്ചതോടെയാണ് പതിനാറുകാരനായ ബന്ധുവിന്‍റെ ക്രൂരത പുറം ലോകമറിഞ്ഞത്. പെൺകുട്ടിയുടെ അമ്മ സഹോദരന്‍റെ മകനായ പതിനാറുകാരനെതിരെ വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി ഗുരുഗ്രാം പൊലീസ് പബ്ലിക് റിലേഷൻസ് ഓഫീസർ സുഭാഷ് ബോകൻ അറിയിച്ചു.
സഹോദരന്‍റെ ഭാര്യക്ക് ദേഹാസ്വസ്ഥ്യം ഉണ്ടായിരുന്നതിനാൽ ദൈനംദിന ജോലികളിൽ സഹായമാകാനാണ് അമ്മ തന്‍റെ മകളെ പറഞ്ഞയച്ചത്. അസുഖത്തെ തുടർന്ന് സഹോദരന്‍റെ ഭാര്യ ഡോക്‌ടറെ കാണാൻ പോയ സമയം വീട്ടിൽ ഒറ്റക്ക് കിട്ടിയ പെൺകുട്ടിയെ അവളുടെ കൈകാലുകൾ കട്ടിലിൽ കെട്ടിയിട്ട ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.