ഗാന്ധിനഗർ: രാജ്യത്ത് കൊവിഡ് ബാധ വ്യാപകമാകുന്നതിന്‍റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ പരീക്ഷകൾ റദ്ദാക്കുകയും ബോർഡ് - സർവകലാശാലാ പരീക്ഷകൾ മാറ്റി വെക്കുകയും ചെയ്‌തിരുന്നു. ഇപ്പോൾ ഗുജറാത്തിലും ഇതേ തീരുമാനമാണ് വിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ടിരിക്കുന്നത്. ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ പരീക്ഷകളും പ്ലസ് വൺ പരീക്ഷയും സംസ്ഥാനത്ത് റദ്ദാക്കി. പ്രസ്‌തുത ക്ലാസുകളിലെ വിദ്യാർഥികളെ അടുത്ത ക്ലാസുകളിലേക്ക് വിജയിപ്പിച്ചതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
കൊവിഡിന്‍റെ പശ്ചാത്തലത്തിൽ പരീക്ഷ തിയ്യതികൾ നീട്ടിയതിനാൽ അനവധി സംശയങ്ങളുമായി മാതാപിതാക്കൾ വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗുജറാത്ത് സർക്കാർ തീരുമാനമറിയിച്ചത്. ഇതുവരെ സംസ്ഥാനത്ത് 30 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്.