ന്യൂഡല്‍ഹി: മഹാസഖ്യം ബിഹാറിലെ തെരഞ്ഞെടുപ്പിലും വിജയിക്കുമെന്ന് ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മദന്‍ മോഹന്‍ ജാ. ബിഹാറിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഇതുവരെ തീരുമാനമായില്ലെന്നും അദ്ദേഹം പറമഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർഥിത്വം സംബന്ധിച്ച് മഹാസഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഇന്ന് ചര്‍ച്ച നടത്തിയതിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പിന് ശേഷം മഹാസഖ്യത്തിന് ആത്മവിശ്വാസം വര്‍ധിച്ചു. ബിഹാര്‍ തെരഞ്ഞെടുപ്പ് ട്രെയിലറായിരുന്നു ജാര്‍ഖണ്ഡിലേത്. ബിഹാറില്‍ ബിജെപിക്ക് തിരിച്ചടി നേരിടും. ബിഹാറിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ജാര്‍ഖണ്ഡ്. രണ്ട് സംസ്ഥാനങ്ങള്‍ക്കും ഒരേ സംസ്കാരവും. പരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി വിവാഹ മോചനം, ആര്‍ട്ടിക്കിള്‍ 370, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെങ്കിലും വിജയിച്ചില്ല.
നിതീഷ് കുമാറിന്‍റെ ഭരണത്തില്‍ പൊതു ജനങ്ങള്‍ക്ക് പൂര്‍ണ അതൃപ്തിയുണ്ട്. മഹാസഖ്യത്തിന് ആര്‍ജെഡി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം തേജസ്വി യാദവിനെ ആര്‍ജെഡി പ്രഖ്യാപിച്ചതില്‍ പ്രതികരണമാരാഞ്ഞപ്പോള്‍ ഇതുവരെ തീരുമാനമെടുത്തില്ലെന്നായിരുന്നു മറുപടി.