ഡൽഹി: ഗാൽവാൻ വാലിയിൽ സംഘർഷം ഉണ്ടായപ്പോൾ പ്രധാനമന്ത്രി ഉറങ്ങുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൈന മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണെന്ന് പ്രതിരോധ സഹമന്ത്രി ശ്രീപാദ് നായിക് പറഞ്ഞ റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് വിമർശനം. മൂന്ന് കാര്യങ്ങൾ പോയിന്‍റ് ചെയ്താണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. 1. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ഇപ്പോൾ വ്യക്തമാണ്. 2. ജിഒഐ ഉറങ്ങുകയായിരുന്നു, ഇപ്പോൾ പ്രശ്‌നം നിഷേധിക്കുകയും ചെയ്യുന്നു. 3. വില നൽകിയത് നമ്മുടെ ജവാന്മാരാണ്.
ഇന്ത്യൻ സൈനികർ നിരായുധരായിരുന്നുവെന്ന് പറഞ്ഞതിന് ശേഷമാണ് രാഹുൽഗാന്ധിയുടെ ട്വീറ്റ്. ഇന്ത്യൻ സൈനികരെ കൊന്നതിലൂടെ ചൈന ഒരു വലിയ തെറ്റ് ചെയ്തുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സൈനികരെ ആരാണ് നിരായുധരായി അയച്ചതെന്നും അവരുടെ മരണത്തിന് ഉത്തരവാദികൾ ആരാണെന്നും രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ ട്വീറ്റിനെ തുർന്ന് സൈനികർ ആയുധങ്ങൾ വഹിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ വ്യക്തമാക്കി. നമുക്ക് വസ്തുതകൾ പരിഹരിക്കാമെന്നും അതിർത്തി ഡ്യൂട്ടിയിലുള്ള എല്ലാ സൈനികരും എല്ലായ്‌പ്പോഴും ആയുധങ്ങൾ വഹിക്കുന്നു എന്നും ഫെയ്‌സ്ഓഫുകളിൽ തോക്കുകൾ ഉപയോഗിക്കരുതെന്ന് ദീർഘകാലമായുള്ള പരിശീലനം (1996, 2005 ലെ കരാറുകൾ പ്രകാരം) ആണെന്നും ജയ്‌ശങ്കർ ട്വീറ്റ് ചെയ്തു.
അതേസമയം രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ബൈജയന്ത് ജയ് പാണ്ഡെയ് രംഗത്തെത്തി. ആരാണ് ആയുധങ്ങളില്ലാതെ ഇന്ത്യൻ സൈനികരെ അയച്ചത്? ഉത്തരം നിങ്ങളുടെ (കോൺഗ്രസ്) പാർട്ടിയുടെ പിന്തുണയോടെ ഇന്ത്യൻ സർക്കാർ ഒപ്പിട്ട ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ രണ്ട് കിലോമീറ്റർ ചുറ്റളവിൽ ആയുധങ്ങൾ നിരോധിക്കുന്ന കരാറാണ്. 50 വർഷത്തെ ഈ കരാർ എന്തുചെയ്യണം? എന്നും ഇന്ത്യയെ ലജ്ജിപ്പിക്കാൻ ശ്രമിക്കുന്ന ചരിത്രത്തെക്കുറിച്ച് അറിവില്ലാത്ത ആൾ എന്നും ബൈജയന്ത് ജയ് പാണ്ഡെയ് പറഞ്ഞു.