ന്യൂഡൽഹി: ആറര പതിറ്റാണ്ട് പഴക്കമുള്ള എസെൻഷ്യൽ കമോഡിറ്റീസ് ആക്‌ട് ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്ര സർക്കാർ. ധാന്യങ്ങൾ, ഭക്ഷ്യ എണ്ണ, പയർവർഗങ്ങൾ, സവാള, ഉരുളക്കിഴങ്ങ് എന്നിവയുൾപ്പെടെയുള്ള ഭക്ഷ്യവസ്‌തുക്കളുടെ ഉൽപാദനവും വിൽപനയും സുഗമമാക്കാനാണ് തീരുമാനമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതരാമൻ പറഞ്ഞു. ഭേദഗതിയിലൂടെ ഭക്ഷ്യ ഉൽപന്നങ്ങളുടെ ഉൽപാദനവും വിൽപനയും നിയന്ത്രിക്കുന്നതിനു പുറമേ ഏതെങ്കിലും ഉൽപന്നങ്ങൾക്ക് സ്റ്റോക്ക് പരിധി ഏർപ്പെടുത്തേണ്ടതായി വരില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
ദേശീയ വിപത്തുകൾ, ക്ഷാമം തുടങ്ങിയ അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ സ്റ്റോക്ക് പരിധി ഏർപ്പെടുത്തുകയുള്ളുവെന്നും പ്രോസസറുകൾക്കോ മൂല്യ ശൃംഖലയിൽ പങ്കെടുക്കുന്നവർക്കോ സ്റ്റോക്ക് പരിധി ബാധകമല്ലെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. കാർഷിക വിപണന പരിഷ്‌കാരങ്ങൾ നടത്തുമെന്നും പാൽ സംസ്‌കരണം, മൂല്യവർധനവ്, കന്നുകാലി തീറ്റ ഇൻഫ്രാസ്ട്രക്‌ചർ എന്നിവയിൽ നിക്ഷേപം നടത്തുന്നതിന് 15,000 കോടി രൂപ അനിമൽ ഹസ്ബൻഡറി ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്‌മെന്‍റ് ഫണ്ട് ആരംഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു. മത്സ്യബന്ധനം, പാൽ വികസനം, ഔഷധത്തോട്ടം, കുത്തിവയ്പ്പ് എന്നിവയ്ക്കായി പുതിയ ഫണ്ടുകളും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.