ന്യൂഡല്‍ഹി: യെസ് ബാങ്ക് വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ്. ബാങ്കിന്‍റെ നിശ്ചിത ഓഹരികൾ വാങ്ങാനുള്ള നടപടികളുമായി എസ്ബിഐ മുന്നോട്ടു പോവുകയാണ്. ഡോ. മൻമോഹൻ സിംഗ് മന്ത്രിസഭയിലെ ധനമന്ത്രി പി.ചിദംബരമായിരുന്നു യെസ് ബാങ്കിന്‍റെ ഈ അവസ്ഥക്ക് കാരണമായ വായ്‌പകൾ നൽകിയതെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞതായും രവിശങ്കര്‍ അറിയിച്ചു.
പതിനായിരം കോടി രൂപയുടെ കിട്ടാക്കടം മൂലം പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിന് മേല്‍ മൊറട്ടോറിയം പ്രഖ്യാപിച്ച ആർബിഐ, അക്കൗണ്ട് ഉടമകൾക്ക് പ്രതിമാസം പിൻവലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയാക്കിയിരുന്നു. എസ്ബിഐയും എൽഐസിയും യെസ് ബാങ്കിന്‍റെ 49 ശതമാനം ഓഹരി വാങ്ങാനാണ് നീക്കം നടത്തുന്നത്. ഇതിനായി 490 കോടി രൂപ ചെലവഴിക്കേണ്ടിവരും.