ന്യൂഡല്‍ഹി: രാജ്യത്ത് ഭീതി പരത്തുന്ന കൊവിഡ് 19 വൈറസ് ബാധയുടെ വ്യാപനത്തെ തടയാന്‍ വേണ്ട നടപടികളെല്ലാം സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കുന്നുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ്. ഇതിനായി രണ്ട് ഉന്നതതല കമ്മിറ്റികളെ നിയോഗിച്ചിട്ടുണ്ട്. അവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
തെലങ്കാന, ന്യൂഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളിലായി ഇതുവരെ 31 പേരിലാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗികളുമായി നേരിട്ട് ബന്ധപ്പെട്ടവരും ഇപ്പോള്‍ നീരീക്ഷണത്തിലാണ്. ആശങ്കപ്പെടുകയല്ല മറിച്ച് ജാഗ്രതയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. രോഗബാധ സ്ഥിരീകരിച്ച മറ്റ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ എത്തുന്ന യാത്രക്കാരെ വിമാനത്താവളത്തില്‍ വെച്ച് തന്നെ വൈദ്യപരിശോധന നടത്തുന്നുണ്ട്. രാജ്യത്ത് ആദ്യം കൊറോണ വൈറസ് സ്ഥിരീകരിച്ച കേരളത്തിലെ മൂന്ന് പേരുടെയും ആരോഗ്യം തൃപ്‌തികരമാണ്. ഇവരിപ്പോള്‍ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടതായും മന്ത്രി അറിയിച്ചു.