ഭോപ്പാൽ: ഉള്ളിയുടെ വില കുതിച്ചുയരുന്നതിനിടെ, ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി ഒരു ലക്ഷം ടൺ ബഫർ സ്റ്റോക്ക് സർക്കാർ പുറത്തിറക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. ഇൻഡോറിലെ സാൻവർ അസംബ്ലി സീറ്റിൽ നിന്ന് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സംസ്ഥാനത്തെ ജലവിഭവ മന്ത്രി തുളസിറാം സിലാവത്തിനെ പിന്തുണച്ച് ധരംപുരി പട്ടണത്തിൽ നടന്ന റാലിയിൽ പങ്കെടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സവാളയുടെ വില വർധിക്കുന്ന കാര്യം സർക്കാർ ഇതിനകം തന്നെ മനസിലാക്കിയിട്ടുണ്ടെന്നും ഒരു ലക്ഷം ടൺ ബഫർ സ്റ്റോക്ക് നാഫെഡ്(എൻഎഎഫ്‌ഡി) വഴി പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. യഥാസമയം രാജ്യത്ത് നിന്ന് ഉള്ളി കയറ്റുമതി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയതായും ഇറക്കുമതി ചെയ്യാനുള്ള വഴികൾ തുറന്നിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിന്‍റെ പുതിയ കാർഷിക നിയമങ്ങളെക്കുറിച്ചുള്ള കോൺഗ്രസിന്‍റെ പ്രതിഷേധത്തെ പരാമർശിച്ച തോമർ പ്രതിപക്ഷ പാർട്ടിക്ക് ഇരട്ടത്താപ്പ് ഉണ്ടെന്ന് ആരോപിച്ചു. 2019 ലെ ലോക്‌സഭാ വോട്ടെടുപ്പ് പ്രകടന പത്രികയിൽ കോൺഗ്രസ് നൽകിയ വാഗ്‌ദാനം അനുസരിച്ച് വ്യാപാരം നിയന്ത്രണരഹിതമാക്കുമെന്നും അന്തർ സംസ്ഥാന വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുമെന്നും കാർഷിക ഉൽപാദന വിപണന സമിതികൾ (എപിഎംസി) നിർത്തലാക്കുമെന്നുമാണ് പറഞ്ഞിരുന്നത്. കൂടാതെ കരാർ കൃഷിക്ക് പ്രോത്സാഹനം നൽകുമെന്നും അവശ്യവസ്തു നിയമം അവസാനിപ്പിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കിയിരുന്നു എന്നാൽ ഇടനിലക്കാരുടെ സമ്മർദം കാരണം ഇത് നടപ്പിലാക്കാൻ കഴിഞ്ഞില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഉള്ളിയുടെ വില ഉയരുന്നതിനോടുള്ള കേന്ദ്രസർക്കാരിന്‍റെ നയങ്ങളെ കുറ്റപ്പെടുത്തുകയും ചരക്ക് വ്യാപാരികൾക്ക് ഏർപ്പെടുത്തിയ സ്റ്റോക്ക് പരിധിയെക്കുറിച്ച് കേന്ദ്രത്തോട് സംസാരിക്കുമെന്നും ബുധനാഴ്ച എൻസിപി നേതാവും മുൻ കേന്ദ്ര കൃഷി മന്ത്രിയുമായ ശരദ് പവാർ അറിയിച്ചിരുന്നു.