ടിൻസുകിയ: അസമിലെ ടിൻസുകിയ ജില്ലയിലെ ഓയിൽ ഇന്ത്യ ലിമിറ്റഡിന്‍റെ എണ്ണക്കിണറില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് നഷ്‌ടം സംഭവിച്ചവര്‍ക്ക് നഷ്‌ടപരിഹാരം നല്‍കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാൻ. കേന്ദ്ര സര്‍ക്കാരും കമ്പനി ഉടമകളായ ഓയില്‍ ഇന്ത്യയും ചേര്‍ന്നായിരിക്കും നഷ്‌ടപരിഹാരം നല്‍കുക. ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും കേന്ദ്ര മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളും ഇവര്‍ സന്ദര്‍ശിച്ചു.
ഗുവാഹത്തിയിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള ബാഗ്ജാനിലെ എണ്ണ കിണറിൽ മെയ് 27 നാണ് പൊട്ടിത്തെറി ഉണ്ടായത്. തുടർന്ന് ദിവസങ്ങളോളം വാതക ചോര്‍ച്ചയുണ്ടായിരുന്നു. ഗ്യാസ് ചോർന്നതോടെ സമീപ പ്രദേശത്തെ തണ്ണീർത്തടങ്ങൾക്കും ജൈവവൈവിധ്യത്തിനും കനത്ത നാശമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഏഴായിരത്തോളം പേരാണ് നാശനഷ്‌ടം നേരിട്ടത്. 14 ക്യാമ്പുകളിലായാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്.
സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ധര്‍മേന്ദ്ര പ്രധാൻ വ്യക്തമാക്കി. നിലിവില്‍ കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിതരുടെ കണക്കെടുക്കുന്നുണ്ടെന്നും എല്ലാവര്‍ക്കും നഷ്‌ടപരിഹാരം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രിയും അറിയിച്ചു. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും ചെറുകിട സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എണ്ണ കലര്‍ന്ന തണ്ണീര്‍ത്തടങ്ങള്‍ കമ്പനി തന്നെ ശുദ്ധിയാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.