ന്യൂഡൽഹി: കൊവിഡ് വ്യാപനം കുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 'ആരോഗ്യസേതു' എന്ന മൊബൈൽ ആപ്ലിക്കേഷൻ കേന്ദ്രസർക്കാർ പുറത്തിറക്കി. കൊവിഡ് ബാധയുടെ അപകടസാധ്യത ജനങ്ങൾക്ക് മനസിലാക്കി കൊടുക്കുക എന്നതാണ് ആപ്പിന്‍റെ ലക്ഷ്യം. ബ്ലൂടൂത്ത്, അൽഗോരിതം, നിർമിത ബുദ്ധി എന്നീ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മറ്റുള്ളവരുമായുള്ള സമ്പർക്കത്തെക്കുറിച്ച് മനസിലാക്കാൻ ആപ്പ് സഹായിക്കുന്നു.
ആരോഗ്യസേതു ഇൻസ്റ്റാൾ ചെയ്‌ത് കഴിഞ്ഞാൽ, ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്‌തിരിക്കുന്ന മറ്റ് ഫോണുകളെ തിരിച്ചറിയുകയും, ആപ്പിലെ അത്യാധുനിക പാരാമീറ്ററുകളുടെ സഹായത്തോടെ മറ്റുള്ളവർക്ക് വൈറസ് ബാധയുണ്ടോയെന്ന് മനസിലാക്കാനും സാധിക്കുന്നു. രോഗ സാധ്യത വിലയിരുത്തുന്നതിനും നിരീക്ഷണം ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ എടുക്കാൻ ഈ ആപ്ലിക്കേഷൻ സർക്കാരിനെ സഹായിക്കുമെന്നാണ് പ്രതീക്ഷ.
ആപ്ലിക്കേഷൻ പൂർണമായും സ്വകാര്യത ഉറപ്പ് നൽകുന്നു. 11 ഭാഷകളിൽ ഈ ആപ്പ് ലഭ്യമാണ്. പൊതു-സ്വകാര്യ മേഖലകൾ, സാങ്കേതികവിദ്യ, ആരോഗ്യ സേവന വിതരണം എന്നീ മേഖലകളുടെ കൂട്ടായുള്ള പ്രവർത്തനഫലമാണ് 'ആരോഗ്യസേതു'.