ന്യൂഡല്‍ഹി: ആഘോഷങ്ങള്‍ക്ക് മികവേറ്റാന്‍ പടക്കങ്ങള്‍ നിര്‍ബന്ധമാണ്. എന്നാല്‍ പടക്കങ്ങള്‍ പൊട്ടുമ്പോഴുണ്ടാകുന്ന കാതടപ്പിക്കുന്ന ശബ്ദവും പുകയും വലിയ ശാരീരിക പാരിസ്ഥിതിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. മനുഷ്യനും മൃഗങ്ങള്‍ക്കും ഒരു പോലെ ദോഷം ചെയ്യുന്ന ശബ്ദവും മലിനീകരണ തോതും കൂടിയ പടക്കങ്ങൾ സുപ്രീം കോടതി നിരോധിച്ചിരുന്നു. പിന്നാലെ മലിനീകരണ തോതും ശബ്ദവും കുറഞ്ഞ 'ഹരിത പടക്കം' വിപണിയിലെത്തിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ദീപാവലി ആഘോഷങ്ങള്‍ കണക്കിലെടുത്താണ് നടപടി.
ശാസ്ത്ര സാങ്കേതിക മന്ത്രാലയം മുന്‍കയ്യെടുത്ത് വികസിപ്പിച്ച ഹരിത പടക്കങ്ങള്‍ 395 പടക്കക്കമ്പനികളാണ് വിപണിയിലെത്തിക്കുക. ബേരിയം നൈട്രേറ്റ് ഇല്ലാതെ നിർമിക്കുന്ന ഈ പടക്കങ്ങളുടെ വായു മലിനീകരണ തോത് സാധാരണ പടക്കങ്ങളേക്കാൾ 30 % കുറവാണ്. ജനപ്രിയ ഇനങ്ങളായ മത്താപ്പൂ, കമ്പിത്തിരി, കുടച്ചക്രം, റോക്കറ്റ് തുടങ്ങിയവയുടെ പരിഷ്കൃതരൂപം ലഭ്യമാണെന്ന് കേന്ദ്രമന്ത്രി ഡോ ഹർഷ് വർധൻ വ്യക്തമാക്കി.
കൗൺസിൽ ഓഫ് സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ), നാഷനൽ എൻവയൺമെന്‍റൽ എൻജിനീയറിങ് റിസർച്ച് (എൻഇഇആർഐ) എന്നിവയുടെ മേൽനോട്ടത്തിലാണ് പടക്കങ്ങൾ വികസിപ്പിച്ചത്. സർക്കാരുമായി കരാർ ഒപ്പിട്ട് പുക പരിശോധനാ സർട്ടിഫിക്കറ്റ് നേടിയാൽ മാത്രമേ ഇവ നിർമിച്ച് വിൽക്കാനാകൂ. സർട്ടിഫിക്കറ്റ് നേടിയോ എന്നറിയാൻ ഹരിത ലോഗോ, ക്യുആർ കോഡ് എന്നിവ പതിച്ചിട്ടുണ്ടാവും. മലിനീകരണ തോതും ശബ്ദവും കുറഞ്ഞ പടക്കങ്ങളുടെ വിൽപ്പനയും ഉപയോഗവും മാത്രമേ അനുവദിക്കൂവെന്ന് കഴിഞ്ഞ ദീപാവലിക്ക് തൊട്ട് മുമ്പാണ് സുപ്രീം കോടതി വിധിച്ചത്.