ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിക്കായി 40000 കോടി രൂപ അധികമായി പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ബജറ്റില്‍ പ്രഖ്യാപിച്ച 61,000 കോടിക്ക് പുറമെ 40,000 കോടി രൂപയാണ് ഞായറാഴ്ച പ്രഖ്യാപിച്ചത്. മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും തൊഴിൽ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് അധിക തുക അനുവദിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
ആരോഗ്യ മേഖലയിലും കൂടുതൽ നവീകരണങ്ങൾ ഉണ്ടാകുമെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി. താഴെതട്ടിലുള്ള ആരോഗ്യ സ്ഥാപനങ്ങളിലെ നിക്ഷേപം ശക്തമാക്കുമെന്ന് ധനമന്ത്രി അറിയിച്ചു. രാജ്യത്തെ നൂറ് യൂണിവേഴ്‌സിറ്റികള്‍ മെയ് 30ന് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആരംഭിക്കും. ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകൾക്കായി വിദ്യാഭ്യാസ ചാനൽ ഉടൻ ആരംഭിക്കുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.