ന്യൂഡല്‍ഹി: ബിഎസ്എസ്എന്‍എല്‍ എടിഎന്‍എല്ലുമായി ലയിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 15,000 കോടിയുടെ കടപ്പത്രം റദ്ദാക്കാനും ജീവനക്കാരുടെ എണ്ണം കുറക്കാന്‍ വിആര്‍എസ് നല്‍കാനും തീരുമാനമായി. ഇതിനായി 30,000 കോടി നല്‍കും. രണ്ട് കമ്പനികളുടേയും ആസ്തികളില്‍ നിന്നാണ് ഈ തുക നല്‍കുക. 50 ശതമാനം ജീവനക്കാര്‍ക്കാണ് ഇത് ലഭിക്കുക.
ടെലികോം പിഎസ്‌ഇക്ക് (പൊതുമേഖലാ എന്‍റർപ്രൈസസ്) 4 ജി സ്പെക്ട്രം അനുവദിക്കും. സ്പെക്ട്രത്തിനുള്ള ജിഎസ്ടി ക്രമീകരിക്കും. എണ്ണ ഇതര കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഇന്ധന റീട്ടെയ്‌ലിങ് ബിസിനസ് എന്നതും ആലോചനയിലുണ്ട്. ഡല്‍ഹിയിലെ അനധികൃത കോളനികളില്‍ താമസിക്കുന്ന 40 ലക്ഷം പേര്‍ക്ക് ഉടമസ്ഥാവകാശം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി.
അടിസ്ഥാന രേഖകളുടെ അടിസ്ഥാനത്തിൽ സ്വകാര്യ ഭൂമിയിലോ സർക്കാർ ഭൂമിയിലോ താമസിക്കുന്നവർക്ക് ഉടമസ്ഥാവകാശം നൽകാനാണ് തീരുമാനം. ഈ കോളനികളില്‍ താമസിക്കുന്നവരില്‍ ഭൂരിഭാഗവും താഴ്ന്ന വരുമാനമുള്ളവരാണ്. അതുകൊണ്ടു തന്നെ ചെറിയ തോതിലുള്ള നിരക്ക് മാത്രമായിരിക്കും ഇവരില്‍ നിന്ന് ഈടാക്കുകയെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.