ഹൈദരാബാദ്: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം 1,30,27,844 കടന്നു. 5,71,076 പേർക്ക് ജീവൻ നഷ്‌ടമായപ്പോൾ 75,75,523 പേർ രോഗമുക്തി നേടി. അർജന്‍റീനയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 2,657 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,00,166 ആയി ഉയർന്നു. 700 ലധികം പേർ ഐസിയുകളിൽ കഴിയുന്നു. 1,845 പേരാണ് രോഗബാധയിൽ മരിച്ചത്.
മാർച്ച് മുതലാണ് അർജന്‍റീനയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. എന്നാൽ കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു. അർജന്‍റീന തലസ്ഥാനമായ ബ്യൂണിസ് ഐറിസിൽ ഈ മാസം ഒന്നുമുതൽ 17 വരെ ലോക്ക് ഡൗൺ നിയമങ്ങൾ കർശനമായി തുടരുമെന്ന് പ്രസിഡന്‍റ് ആൽബർട്ടോ ഫെർണാണ്ടസ് അറിയിച്ചു. ബ്രസീലിൽ കൊവിഡ് ബാധിതരുടെ എണ്ണം 1.8 മില്യൺ കടന്നു. രോഗബാധയിൽ 72,000 പേർ മരിച്ചു. ആഗോളതലത്തിൽ കൊവിഡ് ബാധിതർ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. അർജന്‍റീനയിൽ വാണിജ്യ വിമാന സർവീസുകൾ സെപ്‌റ്റംബർ ഒന്ന് വരെ റദ്ദാക്കി.