ഹൈദരാബാദ്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,56,40,155 കടന്നു. 6,35,602 ലധികം പേർക്ക് ജീവൻ നഷ്‌ടമായി. ഇതുവരെ 95,28,714 ലധികം പേർ രോഗമുക്തി നേടി. കൊവിഡ് പ്രതിരോധത്തിൽ രാഷ്ട്രീയ നേതൃത്വവും സമുദായ ഇടപെടലുകളും വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗബ്രിയോസിസ് പറഞ്ഞു. വൈറസ് ബാധ എല്ലാ രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ടെങ്കിലും താരതമ്യേന ചെറിയ രാജ്യങ്ങളിൽ വലിയ രീതിയിലുള്ള വ്യാപനം നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈനയിലെ വടക്കുകിഴക്കൻ പ്രവിശ്യയിൽ നിന്ന് രണ്ട് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ പല ഭാഗങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചുകഴിഞ്ഞു. ലയോണിംഗ് പ്രവിശ്യയിലെ തീയറ്ററുകൾ, നൈറ്റ് ക്ലബ്ബുകൾ, വിനോദസഞ്ചാര മേഖലകൾ എന്നിവ അടച്ചുപൂട്ടി. ലയോണിംഗ് പുതിയ കൊവിഡ് ക്ലസ്റ്റാറായി പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ രണ്ടാം ദിവസവും കൊവിഡ് കേസുകൾ കുറഞ്ഞു. എന്നാലും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. 300 കൊവിഡ് കേസുകളാണ് വിക്‌ടോറിയയിൽ പുതിയതായി റിപ്പോർട്ട് ചെയ്‌തത്. 400 ലധികം കേസുകളാണ് വ്യാഴാഴ്‌ചയും, ബുധനാഴ്‌ചയും റിപ്പോർട്ട് ചെയ്‌തത്.
ദക്ഷിണ കൊറിയയിലെ കൊവിഡ് കേസുകളുടെ എണ്ണം 50 ൽ താഴെയായി. എന്നാൽ സിയോൾ മേഖലയിൽ കേസുകൾ വർധിക്കുന്നുണ്ട്. ദക്ഷിണ കൊറിയയിൽ പുതിയതായി റിപ്പോർട്ട് ചെയ്‌ത 41 കേസുകളിൽ 13 പേർ വിദേശത്ത് നിന്നെത്തിയവരും 28 പേർ കൊറിയൻ സ്വദേശികളുമാണ്. രാജ്യത്ത് 13,979 കൊവിഡ് കേസുകളും 298 മരണങ്ങളും ഇതുവരെ സ്ഥിരീകരിച്ചു. മെയ് മുതൽ കൊവിഡ് മാർഗനിർദേശങ്ങളിൽ ഇളവുകൾ നൽകിയതോടെ ദിനംപ്രതി 20 മുതൽ 60 വരെ കൊവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്.