ഹൈദരാബാദ്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2,53,84,823 പിന്നിട്ടു. കൊവിഡ് ബാധിച്ച് 8,50,592 പേർ മരിച്ചെന്നും 17,706,841 പേർ രോഗമുക്തി നേടിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ദക്ഷിണ കൊറിയയിലെ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. ദക്ഷിണ കൊറിയയിൽ പുതുതായി 248 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സിയോളിൽ മാത്രമായി 187 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയിൽ സമ്പർക്കം മൂലം പുതുതായി ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം രാജ്യത്തേക്ക് തിരികെയെത്തിയ 17 പേർക്ക് രോഗം സ്ഥിരീകരിച്ചു.
കൊവിഡിനെ തുടർന്ന് ന്യൂസിലന്‍റിലെ ഓക്‌ലാൻഡിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നീക്കി. എന്നാൽ പൊതു ഇടങ്ങളിൽ മാസ്‌ക്ക് നിർബന്ധമാക്കിയിട്ടുണ്ട്. രണ്ട് ആഴ്‌ചയിലേറെയായി നഗരം ലോക്ക് ഡൗണിലായിരുന്നു. ഓസ്‌ട്രേലിയയിലെ വിക്‌ടോറിയയിൽ പുതുതായി 73 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 41 കൊവിഡ് മരണമാണ് വിക്‌ടോറിയയിൽ റിപ്പോർട്ട് ചെയ്‌തത്.