വാഷിങ്ടണ്‍: ലോകത്തിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,46,25,149 കടന്നു. ഇതുവരെ 8,35,627 പേർ കൊവിഡ് ബാധിച്ച് മരിച്ചെന്നും 17,093,288 പേർ രോഗമുക്തരായെന്നും കണക്കുകൾ പറയുന്നു.
കൊവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ ദക്ഷിണ കൊറിയയിൽ ഭക്ഷണ ശാലകളുടെയും കഫേകളുടെയും പ്രവർത്തന സമയം കുറക്കുന്നത് അധികൃതരുടെ പരിഗണനയിലാണ്. ദക്ഷിണ കൊറിയയിൽ പുതുതായി 371 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തിലെ ആകെ കൊവിഡ് ബാധിതർ 19,077 ആയി. ഇതുവരെ 316 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ 15 ദിവസങ്ങൾക്കുള്ളിലാണ് രാജ്യത്ത് 4,300 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
സിയോൾ മെട്രോ പൊളിറ്റൻ പ്രദേശത്ത് 286 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നും ഇതോടെ കൊവിഡ് രോഗികളുടെ എണ്ണം 7,200 ആയെന്നും അധികൃതർ വ്യക്തമാക്കി. ഓസ്‌ട്രേലിയയിൽ പുതുതായി 113 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് നിരക്ക് കുറഞ്ഞാൽ മാത്രമേ സെപ്‌റ്റംബർ 13ന് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുകയുള്ളു.