ഹൈദരാബാദ്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 98,98,220 കടന്നു. ഇവരിൽ 4,96,077 പേർ മരിച്ചു. 53,50,904 ല്‍ അധികം അളുകൾ രോഗ മുക്തരാകുകയും ചെയ്തിട്ടുണ്ട്.
മടങ്ങിയെത്തുന്നവരുടെ എണ്ണം വർധിക്കുന്നതിനാൽ രാജ്യത്ത് കൊവിഡ് രോഗികൾ ഇനിയും വർധിക്കുമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയിൽ ഏറ്റവും അധികം രോഗ ബാധിതരുള്ള മുംബൈയിൽ നിന്ന് മുന്നൂറോളം പേർ ഈ ആഴ്ച ഓസ്‌ട്രേലിയൻ നഗരമായ അഡ്‌ലെയ്‌ഡിലേക്ക് തിരിച്ചെത്തും. ഇത്തരത്തിൽ തെക്കേ അമേരിക്കയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്ന് ധാരാളം ആളുകൾ മടങ്ങി വന്നുകൊണ്ടിരിക്കുകയാണ്. 14 ദിവസത്തെ നിർബന്ധിത ക്വാറന്‍റൈന് മുമ്പും ശേഷവും കൊവിഡ് പരിശോധന നിർബന്ധമാണ്. മടങ്ങി എത്തുന്നവരിൽ അഞ്ച് മുതൽ പത്ത് ശതമാനം വരെ കൊവിഡ് രോഗികളാകാന്‍ സാധ്യതയുണ്ട്. ഇതേ തുടര്‍ന്ന് സുരക്ഷാ നടപടികള്‍ ശക്തമാക്കിയതായി സൗത്ത് ഓസ്‌ട്രേലിയ സംസ്ഥാന ആരോഗ്യമന്ത്രി സ്റ്റീഫൻ വേഡ് പറഞ്ഞു. മെൽബണിൽ വെള്ളിയാഴ്ച 30 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.