ലക്‌നൗ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ പഠനം മുടങ്ങിയതിൽ മനംനൊന്ത് വിഷം കഴിച്ച് ആത്മഹത്യ ചെയ്‌ത പെൺകുട്ടിയുടെ മൃതദേഹം പിതാവ് കത്തിക്കാൻ ശ്രമിച്ചു. തുടർന്ന് പഠിക്കാൻ പെൺകുട്ടിയുടെ പിതാവ് അനുവാദം നൽകാത്തതിനാലാണ് ആത്മഹത്യ. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.
സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ മൃതദേഹം പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. മകൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തതായി പെൺകുട്ടിയുടെ പിതാവ് കപിൽ തന്നെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ സ്ഥലത്തെത്തിയപ്പോൾ കപിൽ മൃതദേഹം കത്തിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. ഇന്ത്യൻ പീനൽ കോഡിലെ (ഐ.പി.സി) 306, 201 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തതായി പൊലീസ് പറഞ്ഞു.