ന്യൂഡൽഹി: കേണൽ നരേന്ദ്ര കുമാറിന്‍റെ മരണത്തിൽ അനുശോചനം അറിയിച്ച് ഇന്ത്യൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്. രാജ്യത്തിന്‍റെ പ്രതിരോധമേഖലയെ ശക്തിപ്പെടുത്തുന്നതിൽ മുഖ്യപങ്കു വഹിച്ചവരിൽ ഒരാളായിരുന്നു അന്തരിച്ച കേണൽ നരേന്ദ്ര കുമാർ. പ്രായാധിക്യം മൂലമുള്ള പ്രശ്‌നങ്ങളെ തുടർന്ന് 87-ാം വയസില്‍ ആർമി റിസർച്ച് ആന്‍റ് റഫറൽ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
കുമാറിന്‍റെ മരണത്തിൽ അനുശോചനം അറിയിക്കുന്നുവെന്നും കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും ബിപിൻ റാവത്ത് പറഞ്ഞു. ആർമിയിൽ അദ്ദേഹം 'ബുൾ' കുമാർ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ ആർമിയുടെ ചരിത്രത്തിൽ അദ്ദേഹത്തിന്‍റെ പേര് എന്നെന്നേക്കുമായി നിലനിൽക്കുമെന്നും റാവത്ത് കൂട്ടിച്ചേർത്തു.
1970കളുടെ അവസാനത്തിലും 1980കളുടെ തുടക്കത്തിലും സിയാച്ചിൽ പ്രദേശത്ത് ഒന്നിലധികം പര്യവേഷണങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ മെഗ്‌ദൂട്ടുമായി മുന്നോട്ട് പോയത്.
നന്ദദേവി പർവതത്തിൽ കയറിയ ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു കേണൽ നരേന്ദ്ര കുമാർ. 1965ൽ എവറസ്റ്റ് കീഴടക്കിയ അദ്ദേഹത്തിന് അതേ വർഷം രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. മൗണ്ട് ബ്ലാങ്ക്, കാഞ്ചൻചംഗ പർവ്വതങ്ങളും അദ്ദേഹം കീഴടക്കിയിട്ടുണ്ട്. പരമവിശിഷ്ടസേവാ മെഡല്‍ നല്‍കി കരസേന അദ്ദേഹത്തെ ബഹുമാനിച്ചു. കേണല്‍ കുമാറിനോടുള്ള ബഹുമാനാര്‍ത്ഥം സിയാച്ചിന്‍ ബറ്റാലിയന്‍ ആസ്ഥാനത്തെ 'കുമാര്‍ ബേസ്' എന്ന് നാമകരണം ചെയ്‌തിട്ടുണ്ട്.