ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് എല്ലാ കോൺഗ്രസ് എംഎൽഎമാരുമായും വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി. ജൂൺ 19ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കൂടികാഴ്ച നടത്തിയത്. ജയ്പൂരിലെ ഹോട്ടലിലാണ് കൂടികാഴ്ച നടത്തിയത്. ബിജെപി മുന്നോട്ട് വെക്കാൻ സാധ്യതയുള്ള ആരോപണങ്ങൾ, വോട്ടെടുപ്പ് തന്ത്രങ്ങൾ എന്നിവയെ കുറിച്ച് എംഎൽഎമാരുമായി ഗെലോട്ട് ചർച്ച നടത്തി. ഗെലോട്ടിന് പുറമെ ഉപ മുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, കോണ്‍ഗ്രസ് വക്താവ് രൺദീപ് സിങ്ങ് സുർജേവാല, സംസ്ഥാന ചുമതലയുള്ള അവിനാശ് പാണ്ഡെ, രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസ് എംഎൽഎമാർക്കൊപ്പം സ്വതന്ത്ര നിയമസഭാംഗങ്ങളും ബിടിപി എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തു.
ഗെലോട്ട് ആരോപണം തെളിയിക്കണം: ബിജെപി
രാജസ്ഥാനിൽ ബിജെപി ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചിരുന്നു. ഈ വാദത്തെ എതിർത്ത് ബിജെപി രംഗത്തെത്തി. ആരോപണം തെറ്റാണെന്നും കോൺഗ്രസിലെ ആഭ്യന്തര വിള്ളലുകൾ മറച്ചു വെക്കാൻ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് സതീഷ് പുനിയ പറഞ്ഞു. ഈ ആരോപണങ്ങൾ തെളിയിക്കാൻ ഗെലോട്ട് മുന്നോട്ട് വരണമെന്നും അല്ലെങ്കിൽ അപമാനിച്ചതിന് ആളുകളോടും എംഎൽഎമാരോടും മാപ്പ് പറയണമെന്നും പുനിയ ആവശ്യപ്പെട്ടു.
എല്ലാ കോൺഗ്രസ് എംഎൽഎമാരും ഒന്നിക്കണം: ഗെലോട്ട്
ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താൻ എല്ലാ കോൺഗ്രസ് എംഎൽഎമാരും ഒറ്റക്കെട്ടായി നിൽക്കണം. 13 സ്വതന്ത്രരും രണ്ട് ബിടിപി എംഎൽഎമാരും രാജസ്ഥാനിൽ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് വാഗ്ദാനം നൽകിയിട്ടുണ്ടെന്നും ഗെലോട്ട് പറഞ്ഞു.
ഇന്ന് ജനാധിപത്യം അപകടത്തിലാണ്. ആർഎസ്‌എസുമായോ ബിജെപിയുമായോ ശത്രുതയില്ല. അവരുടെ പ്രത്യയശാസ്ത്രങ്ങളും നയങ്ങളുമാണ് എതിർപ്പിന് വഴിയൊരുക്കുന്നത്. പൊതുജനങ്ങൾ സർക്കാരിനെ സമ്മർദ്ദത്തിലാക്കുകയും അവർക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് ചോദിക്കുകയും വേണമെന്നും ഗെലോട്ട് പറഞ്ഞു.
രാജസ്ഥാനിൽ ബിജെപിയുടെ കുതിരക്കച്ചവടം തടയാൻ പ്രത്യേക സംഘം
രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് ആരോപിച്ച ഗെലോട്ട്, കുതിരക്കച്ചവട നീക്കങ്ങൾ അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ ചുമതലപ്പെടുത്തി.