ന്യൂഡൽഹി: കൊവിഡ് പരിശോധനക്കായി പുതിയ മാർഗവുമായി ഐസിഎംആർ. തൊണ്ടയിൽ വെള്ളം തങ്ങിനിർത്തി (ഗാർഗിൽ) ശേഷം അത് പരിശോധിക്കുന്ന രീതിയാണ് ഐസിഎംആർ പുതുതായി മുന്നോട്ട് വെക്കുന്നത്. നിലവിൽ കൊവിഡ് പരിശോധന നടത്തുന്ന സ്വാബ് രീതിക്ക് ബദലായി ഗാർഗിൽ രീതി തുടരാമെന്നാണ് ഐസിഎംആറിന്‍റെ പുതിയ റിപ്പോർട്ട്.
ഡൽഹിയിലെ എയിംസിൽ മെയ് മുതൽ ജൂൺ വരെയാണ് ഇതിനായുള്ള പഠനം നടത്തിയത്. മുതിർന്ന ഗവേഷകർ 50 കൊവിഡ് രോഗികളിലാണ് ക്രോസ് സെക്ഷണൽ പഠനം പൂർത്തിയാക്കിയത്. രണ്ട് രീതിയിലെയും നിഗമനങ്ങൾ വിലയിരുത്തുക എന്നതായിരുന്നു പഠനത്തിന്‍റെ പ്രാഥമിക ലക്ഷ്യം. രണ്ട് സാമ്പിൾ രീതികളിലും രോഗികൾ കൂടുതൽ സ്വീകാര്യത നൽകുന്നത് ഏത് രീതിക്കാണ് എന്നുള്ളതായിരുന്നു രണ്ടാമത്തെ ലക്ഷ്യം.
കൊവിഡ് രോഗവ്യാപന സാധ്യത ഗാർഗിൽ രീതിയിൽ കുറവാണെന്ന് പഠനത്തിൽ പറയുന്നു. വീടുകളിൽ നിന്നുള്ളവരുടെ സാമ്പിൾ ശേഖരണത്തിന് ഈ രീതിയായിരിക്കും അഭികാമ്യമെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ഈ രീതി ഗുരുതരാവസ്ഥയിലുള്ള രോഗികളിൽ പ്രായോഗികമാകില്ല. സാമ്പിൾ ശേഖരണം, ആരോഗ്യ പ്രവർത്തകരെ സാമ്പിൾ ശേഖരണത്തിൽ നിന്ന് മാറ്റൽ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ ആവശ്യകത കുറയ്‌ക്കൽ എന്നിങ്ങനെ കൊവിഡ് ശേഖരണത്തിനായി പിന്തുടരുന്ന പല മാർഗങ്ങളും ഗാർഗിൽ രീതിയിലൂടെ ഉപേക്ഷിക്കാനാകുമെന്ന് പഠനത്തിന്‍റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
പുതിയ രീതിയിലുള്ള പരിശോധനയിൽ സൈക്കിൾ ത്രെഷോൾഡ് മൂല്യം കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പഠനത്തിൽ 72 ശതമാനം രോഗികൾ സ്വാബ് ശേഖരിക്കുന്ന രീതിയോട് വിമുഖത കാണിച്ചു. എന്നാൽ 24 ശതമാനം മാത്രം ആളുകൾ മാത്രമാണ് ഗാർഗിൽ ശേഖരണ രീതിയോട് അസ്വസ്ഥത കാണിച്ചത്. സ്വാബ് രീതിയിൽ പരിശീലനം ആവശ്യമാണെന്നതും ഈ രീതിയിലൂടെ ആരോഗ്യ പ്രവർത്തകർക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണെന്നിരിക്കെ ഗാർഗിൽ രീതി ഈ പോരായ്‌മകളെ പരിഹരിക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.