വിശാഖപട്ടണം: ജില്ലയിൽ നിരവധി പേർ അനധികൃതമായി തോക്കുകൾ വാങ്ങിയതായി വിശാഖപട്ടണം ജില്ലാ പൊലീസ് കണ്ടെത്തി. ഡൽഹി, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ഗുണ്ടകളിൽ നിന്നാണ് അനകപ്പള്ളി, ഗജുവാക്ക നിവാസികൾ തോക്കുകൾ വാങ്ങിയതെന്ന് അനകപ്പള്ളി ടൗൺ പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
നവംബർ 27ന് അനകപ്പള്ളിയിലെ എൻടിആർ കോളനിയിൽ ആത്മഹത്യ ചെയ്ത ഭിസെറ്റി ലോക്നാഥിന്‍റെ വീട്ടിൽ നിന്ന് രണ്ട് തോക്കുകളും 18 റൗണ്ട് വെടിയുണ്ടകളും കണ്ടെത്തിയിരുന്നു. അനകപ്പള്ളി ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും ഡൽഹി ആസ്ഥാനമായുള്ള ഗുണ്ടാസംഘത്തിലെ അഭിഷേക് ഭരദ്വാജാണ് (23) ലോക്നാഥിന് തോക്ക് നൽകിയതെന്ന് കണ്ടെത്തുകയും ചെയ്തു.
ഉത്തരാഖണ്ഡിലെ ദിനേശ്‌പൂര്‍ ഗ്രാമത്തിലെ സാമ്രാത് ഡാലി (23), ഹരിയാനയിൽ നിന്നുള്ള മോഹിത് എന്നിവരും അനകപ്പള്ളി, ഗജുവാക്ക പ്രദേശങ്ങളിൽ തോക്ക് വിതരണം ചെയ്തതായി പൊലീസ് പറഞ്ഞു. യൂട്യൂബിൽ കണ്ടതിനെ തുടർന്നാണ് ജില്ലാ നിവാസികൾ തോക്കുകൾക്കായി അഭിഷേക് ഭരദ്വാജുമായി ബന്ധപ്പെട്ടത്. സംഭവത്തില്‍ ഡൽഹി, ഹരിയാന, ഉത്തരാഖണ്ഡ്, ഗജുവാക മേഖലകളിൽ നിന്ന് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ വിചാരണയ്ക്കായി അനകപ്പള്ളിയിലെത്തിച്ചു.