ഇന്ത്യൻ ചരിത്രത്തില്‍ ഗാന്ധിജിയുടെ ജീവിതവും സന്ദേശവും പ്രധാനമാണ്. വ്യക്തി ശുചിത്വത്തിനും പരിസര ശുചീകരണത്തിനും വേണ്ടിയായിരുന്നു അദ്ദേഹം വാദിച്ചതൊക്കെയും. അദ്ദേഹത്തിന്‍റെ പാരമ്പര്യം രാജ്യം പിന്തുടരുന്നതാണ് ശുചിത്വ മിഷൻ പോലെയുള്ള പദ്ധതികളുടെ വിജയത്തിന് പിന്നില്‍.
ഇന്ത്യയിൽ ശുചിത്വം പ്രോത്സാഹിപ്പിച്ചതിന്‍റെ അമരക്കാരനാണ് ഗാന്ധിജി. ശുചിത്വം പ്രോത്സാഹിപ്പിക്കുക മാത്രമല്ല, ശുചിത്വം, ദേശീയ സ്വയംഭരണം എന്നിവ തമ്മിലുള്ള പരസ്പരബന്ധം അദ്ദേഹം ഉയര്‍ത്തിക്കാട്ടി. “എല്ലാവരും സ്വന്തം തോട്ടിപ്പണിയാണ് ചെയ്യുന്നതെന്ന് ഗാന്ധിജി ഒരിക്കൽ പറഞ്ഞു. ശുചിത്വത്തെ വ്യക്തിപരമായ ഉത്തരവാദിത്തമാക്കി മാറ്റുക മാത്രമല്ല, തൊട്ടുകൂടായ്മ എന്ന വിപത്തിന്‍റെ തീക്ഷ്ണത കുറയ്ക്കാനും ഈ പ്രസ്താവന അന്ന് സഹായിച്ചിരുന്നു.
ഇന്ത്യയിൽ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം തന്നെ നേരിട്ടിറങ്ങിയ നിരവധി ഉദാഹരണങ്ങളുണ്ട്. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലായിരുന്ന കാലത്ത്, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊൽക്കത്ത സെഷനിൽ പങ്കെടുക്കാൻ ഇന്ത്യ സന്ദർശിച്ച സമയത്തായിരുന്നു അത്. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാർ നേരിടുന്ന മോശം അവസ്ഥയ്ക്കെതിരെ അദ്ദേഹം വാദിക്കുമ്പോളാണ് കോൺഗ്രസ് ക്യാമ്പിലെ വൃത്തിയില്ലായ്മ അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. അവിടുത്തെ സന്നദ്ധപ്രവർത്തകരോട് മെസ് വൃത്തിയാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടപ്പോൾ ഇത് “സ്വീപ്പർ ജോലി” ആണെന്നുപറഞ്ഞ് അവർ മാറി നിന്നു.
പാശ്ചാത്യ വേഷം ധരിച്ചിരുന്ന ഗാന്ധിജി, ചൂല് എടുത്ത് പരിസരം വൃത്തിയാക്കിയത് അന്ന് അവിടെ ഉണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരെ അത്ഭുതപ്പെടുത്തി.
പിന്നീട് അതേ പാർട്ടിയിലെ സന്നദ്ധപ്രവർത്തകർ ഗാന്ധിജിയില്‍ നിന്ന് ആദര്‍ശമുള്‍ക്കൊണ്ട് “ഭാംഗി” ഗ്രൂപ്പുകൾ രൂപീകരിച്ചു. അന്നത്തെ സ്വീപ്പർമാര്‍ ഈ പേരിലാണ് അറിയപ്പെട്ടിരുന്നത്. അവര്‍ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗമായിരുന്നു. എന്നാല്‍ ഗാന്ധിജിയുടെ ആഹ്വാനത്തോടെ, ഉയർന്ന ജാതിക്കാർ പോലും ഈ ഗ്രൂപ്പുകളുമായി സഹകരിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ശുചിത്വത്തോടുള്ള മഹാത്മാവിന്റെ പ്രതിബദ്ധത തോട്ടിപ്പണിയുമായി ബന്ധപ്പെട്ട സാമൂഹിക വിലക്കുകളെ ഉന്മൂലനം ചെയ്യാനും സഹായിച്ചു.
ശുചിത്വവുമായി ബന്ധപ്പെട്ട മഹാത്മാവിന്‍റെ ആശങ്കയ്ക്ക് ദക്ഷിണാഫ്രിക്കയിലെ സത്യാഗ്രഹ പ്രസ്ഥാന കാലത്തോളം പഴക്കമുണ്ട്. ശുചിത്വം ഇല്ലാത്തതിനാൽ ഇന്ത്യക്കാരെ വേർതിരിക്കുകയും പ്രത്യേകം ശ്രദ്ധിക്കുകയും വേണമെന്നും ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാർ സൃഷ്ടിച്ച ധാരണ ഇല്ലാതാക്കുക എന്നതായിരുന്നു അക്കാലത്ത് മഹാത്മജിയുടെ പ്രാഥമിക ലക്ഷ്യം. ഈ ധാരണയിൽ പ്രതിഷേധിച്ച് ഗാന്ധിജി നിയമസഭയ്ക്ക് തുറന്ന കത്തെഴുതി. യൂറോപ്യൻ എതിരാളികൾക്ക് തുല്യമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാൻ ഇന്ത്യക്കാർക്ക് കഴിവുണ്ടെന്ന് വ്യക്തമാക്കി. മറുവശത്ത്, ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാർക്കിടയിൽ ശുചിത്വം വളർത്തുന്നതിനായി അദ്ദേഹം തീവ്ര പ്രചാരണം നടത്തി. മദ്രാസിലെ ഒരു പ്രസംഗത്തിൽ “ഒരു ശുചിമുറി ഒരു ഡ്രോയിംഗ് റൂം പോലെ വൃത്തിയായിരിക്കണം” എന്നും ഗാന്ധിജി പറഞ്ഞു.
1920കളിൽ ശുചിത്വവും സ്വരാജും തമ്മിലുള്ള ബന്ധം അദ്ദേഹം ആവർത്തിച്ചു. “നമ്മളുടെ വ്യത്തിയില്ലായ്മ” എന്ന തലക്കെട്ടിലുള്ള ഒരു ലേഖനത്തിൽ, “സ്വരാജ് ശുദ്ധവും ധീരവുമായ ആളുകൾക്ക് മാത്രമേ സാധ്യമാകൂ” എന്ന് അദ്ദേഹം പ്രസ്താവിച്ചു. തൊട്ടുകൂടായ്മയുടെയും ശുചിത്വത്തിന്റെയും പ്രശ്നങ്ങളെ സ്വാതന്ത്ര്യവും സ്വരാജുമായി ബന്ധിപ്പിക്കുന്നതിലൂടെ, തോട്ടിപ്പണി ചെയ്യുന്നവരുടെ അവസ്ഥ, സമൂഹത്തിലെ അവരുടെ നില എന്നിവയ്ക്ക് ഗാന്ധിജി ഒരു പുതിയ മാനം നൽകി. ശുദ്ധമായ ഇന്ത്യയെക്കുറിച്ച് സ്വപ്നം കണ്ട വ്യക്തിയാണ് മഹാത്മാ ഗാന്ധി. എന്നിരുന്നാലും, ഇന്ത്യയുടെ സ്വാതന്ത്ര്യം ആസ്വദിക്കാൻ ഗാന്ധിജിക്കായില്ല. അതിനുശേഷം വന്ന സർക്കാരുകൾ നിർഭാഗ്യവശാൽ നയ തലത്തിൽ ശുചിത്വത്തിന് പ്രാധാന്യം നല്‍കിയതുമില്ല.
സ്വച്ഛ് ഭാരത്: ശുചിത്വ ദൗത്യം
നയ നിസംഗതയുടെ ഫലമായി ഒരുകാലത്ത് ഇന്ത്യ ശുചിത്വ മാനദണ്ഡങ്ങളിൽ താഴ്ന്ന നിലയിലേക്ക് അധ:പതിച്ചിരുന്നു. 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ 246.7 ദശലക്ഷം കുടുംബങ്ങളിൽ 53.1 ശതമാനം പേർക്കും അവരുടെ വീടിന്റെ പരിസരത്ത് ഒരു ശൗചാലയ സൗകര്യമുണ്ടായിരുന്നില്ല. അവരിൽ വളരെ കുറച്ച് സംഖ്യ മാത്രം പൊതു ശൗചാലയങ്ങൾ ഉപയോഗിക്കുകയും ബാക്കിവരുന്നവര്‍ തുറസ്സായ ഇടത്ത് മലമൂത്ര വിസർജനം നടത്തുകയും ചെയ്തിരുന്നു. ഇത് ഇന്ത്യയെപ്പോലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെ നാണിപ്പിക്കുന്ന കണക്കാണ്. തുടര്‍ന്ന് 2014ല്‍ അധികാരത്തില്‍ വന്ന എൻഡിഎ സർക്കാരിന്റെ പ്രധാന പരിപാടികളിലൊന്നായി ശുചിത്വം മാറിയത്.വാസ്തവത്തിൽ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ശുചിത്വ ഡ്രൈവ് 'സ്വച്ഛ് ഭാരത് മിഷൻ' എന്ന പേരിൽ 2014 ഒക്ടോബർ 2ന് ആരംഭിച്ചു. എല്ലാ കുടുംബങ്ങൾക്കും ശൗചാലയം, ഖര, ദ്രാവക മാലിന്യ നിർമാർജന സംവിധാനം, ഗ്രാമീണ ശുചിത്വം, സുരക്ഷിതമായ കുടിവെള്ള വിതരണവും ഉൾപ്പെടെ സൗകര്യങ്ങൾ പ്രദാനം ചെയ്യുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 2019 ഓടെ തുറസായ ഇടങ്ങളിൽ വിസർജ്ജനം നടത്തുന്നത് പൂർണമായും അവസാനിപ്പിക്കുകയെന്ന പ്രശംസനീയമായ ലക്ഷ്യത്തോടെയാണ് ദൗത്യം ആരംഭിച്ചത്.
സ്വച്ഛ് ഭാരത്തിനായുള്ള വെല്ലുവിളികൾ:
സ്വച്ഛ് ഭാരത്തിന് സുപ്രധാന നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഗാന്ധിജിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിലേക്ക് പദ്ധതി എത്തിയിട്ടില്ല. തോട്ടിപ്പണിയാണ് പ്രധാന വെല്ലുവിളി. ഈ പ്രശ്നം പരിഹരിക്കുന്നതിന്, അതുപോലെ രൂപകൽപ്പന ചെയ്ത ശൗചാലയം നിർമ്മിക്കുന്നതിൽ സർക്കാർ കൂടുതൽ പ്രവർത്തനങ്ങൾ നടത്തണം. രണ്ടാമത്തെ വെല്ലുവിളി പ്രചാരണ പ്രക്രിയയിൽ വിനിയോഗിക്കുന്ന ഫണ്ടുകളുടെ ഉൽപാദനക്ഷമതയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുക എന്നതാണ്. അനുവദിച്ച ഫണ്ടുകൾ കാര്യക്ഷമമായി വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ സംവിധാനം ഏർപ്പെടുത്തണം. മൂന്നാമത്തെ വെല്ലുവിളി ശൗചാലയം ഉപയോഗിക്കുന്നതിനുള്ള സാമൂഹിക വിലക്കുകളെ മറികടക്കുക എന്നതാണ്. എങ്കില്‍ മാത്രമേ ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യ നമുക്ക് സാധ്യാമാക്കാനാകു.