ഗാന്ധിജി തുടക്കത്തിൽ ഒരു ശരാശരി വിദ്യാർത്ഥിയും വിചിത്ര ആശയവിനിമയക്കാരനുമായിരുന്നു എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അവിടെ നിന്ന് ബൗദ്ധിക ഭീമനും നിർഭയനായ ഒരു സംവാദകനുമായി അദ്ദേഹം വളർന്നത്, ഏതൊരു സാഹചര്യത്തിലും വെല്ലുവിളികളെ നേരിടാൻ മനസ്സിനെ പരിശീലിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തതിലൂടെയാണ്.
21-ആം വയസ്സിൽ ലണ്ടനിൽ നിയമപഠനം നടത്തുമ്പോൾ വെജിറ്റേറിയൻ എന്ന ഇംഗ്ലീഷ് വാരികയ്ക്ക് വേണ്ടി സസ്യാഹാരം, ഇന്ത്യൻ ഭക്ഷണശീലങ്ങൾ, ആചാരങ്ങൾ, മതപരമായ ഉത്സവങ്ങൾ എന്നിവയെക്കുറിച്ച് ഒമ്പത് ലേഖനങ്ങൾ അദ്ദേഹം എഴുതി. ദക്ഷിണാഫ്രിക്കയിലെത്തി ഏതാനും മാസങ്ങൾക്കുശേഷം 1893ൽ, സമൂഹത്തിന്‍റെ അവകാശങ്ങൾക്കായി പോരാടുന്നതിൽ ഒരു പത്രപ്രവർത്തകൻ വഹിക്കുന്ന പങ്ക് അദ്ദേഹം തിരിച്ചറിഞ്ഞു. ധർമ്മ പരിപാലനം, അവതരണത്തിലെ വസ്തുനിഷ്ഠത എന്നിവ അദ്ദേഹത്തിന്‍റെ ലേഖനങ്ങളിൽ പ്രതിഫലിച്ചു. രാജ്യത്തിന്‍റെ ബഹുഭൂരിപക്ഷം ജനങ്ങൾക്കുമെതിരെ നിയമനടപടികൾ ചുമത്തപ്പെടുന്ന ഒരു വ്യവസ്ഥയിൽ അസാധാരണ നിലപാടുകളുള്ള ഒരു സാധാരണ ചെറുപ്പക്കാരനായി നിന്നുകൊണ്ട് അദ്ദേഹം പോരാടി.
!['വെജിറ്റേറിയൻ' ഇംഗ്ലീഷ് വാരിക ഇന്ത്യൻ റിവ്യൂ എഡിറ്റർ ജി വി നടേശന്‍](https://etvbharatimages.akamaized.net/etvbharat/prod-images/4157575_gandhi.jpg)
ഏതൊരു ആശയവും ലളിതമായി നേരിട്ട് പ്രകടിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിന്‍റെ ആദ്യകാല രചനകളിൽ പ്രകടമാണ്. മതിപ്പുളവാക്കുന്നതിനായി മാത്രം അദ്ദേഹം ഒന്നും എഴുതിയിട്ടില്ല, അതിശയോക്തി ശ്രദ്ധാപൂർവ്വം ഒഴിവാക്കി. സത്യത്തെ സേവിക്കുക, ആളുകളെ ബോധവൽക്കരിക്കുക എന്നതിനാണ് അദ്ദേഹം പ്രാധാന്യം നൽകിയത്. ദക്ഷിണാഫ്രിക്കയിലെത്തിയ മൂന്നാം ദിവസം അദ്ദേഹം ഒരു കോടതിയിൽ അപമാനിതനായി. ഈ സംഭവത്തെക്കുറിച്ചുള്ള ഒരു വിവരണം അദ്ദേഹം ഒരു പ്രാദേശിക പത്രത്തിൽ പ്രസിദ്ധീകരിച്ചു. അത് പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. അത്തരം കത്തുകൾ പ്രസിദ്ധീകരിക്കാൻ അവിടുത്തെ പത്രങ്ങൾ കാണിച്ച ധൈര്യം പ്രശംസനീയമാണ്. വർണ്ണവിവേചനം നിലനിന്നിരുന്നുവെങ്കിലും ഒരു പരിധിവരെ ആ രാജ്യം പത്രസ്വാതന്ത്ര്യം അനുവദിച്ചിരുന്നു.
!['വെജിറ്റേറിയൻ' ഇംഗ്ലീഷ് വാരിക ഇന്ത്യൻ റിവ്യൂ എഡിറ്റർ ജി വി നടേശന്‍](https://etvbharatimages.akamaized.net/etvbharat/prod-images/4157575_gandhi-2.jpg)
ദക്ഷിണാഫ്രിക്കയിലെ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതകാലത്ത് ദക്ഷിണാഫ്രിക്കൻ വാർത്താ പത്രങ്ങളുടെ എഡിറ്റർമാർക്കും ഇന്ത്യയിലെ ചില വാർത്താ പത്രങ്ങൾക്കും അദ്ദേഹം കത്തുകൾ എഴുതി. മദ്രാസിലെ ഇന്ത്യൻ റിവ്യൂ എഡിറ്റർ ജി വി നടേശനുമായി ദീർഘ കാലത്തെ സൗഹ്യദത്തിലേക്ക് കത്തുകൾ അദ്ദേഹത്തെ നയിച്ചു.
1894 ഒക്ടോബർ 25 ന് ടൈംസ് ഓഫ് നതാലിൽ 'റമ്മി സാമി' എന്ന പേരിൽ വന്ന എഡിറ്റോറിയലിൽ പ്രത്യക്ഷപ്പെട്ട നിന്ദ്യമായ ഒരു വാക്കിനെ കുറിച്ച് അദ്ദേഹം തന്‍റെ കത്തിൽ പരാമർശിക്കുകയുണ്ടായി. 'കറുത്ത ചർമ്മമുള്ളതിനാൽ ഒരു ഇന്ത്യക്കാരനോ ഒരു സ്വദേശിക്കോ അർഹമായ അംഗീകാരം നിങ്ങൾ അനുവദിക്കില്ല. നിങ്ങൾ പുറം മാത്രം നോക്കും. ചർമ്മം വെളുത്തതായിരിക്കുന്നിടത്തോളം കാലം അത് അമൃതാണോ വിഷമാണോ മറയ്ക്കുന്നത് എന്നത് നിങ്ങൾക്ക് പ്രശ്നമല്ല.
നിങ്ങളെ പ്രശംസിക്കുന്നവന്‍റെ അധര പ്രാർത്ഥന പൊതുജനത്തിന്‍റെ ആത്മാർത്ഥമായ മാനസാന്തരത്തേക്കാൾ നിങ്ങൾക്ക് സ്വീകാര്യമാണ്, ഇതിനെ നിങ്ങൾ ക്രിസ്തുമതം എന്ന് വിളിക്കുമെന്ന് ഞാൻ കരുതുന്നു. നിങ്ങൾക്ക് അങ്ങനെ ചെയ്യുകയുമാവാം.പക്ഷെ അത് ക്രിസ്തുവിന്‍റേതല്ല.
സർ, ഒരു നിർദേശം നൽകാൻ ഞാൻ താല്‍പ്പര്യപ്പെടുന്നു. നിങ്ങളുടെ പുതിയ നിയമം വീണ്ടും വായിക്കുമോ? കോളനിയിലെ നിറമുള്ള ജനസംഖ്യയോടുള്ള നിങ്ങളുടെ മനോഭാവത്തെക്കുറിച്ച് ചിന്തിക്കുമോ? ബൈബിൾ പഠനങ്ങളുമായോ മികച്ച ബ്രിട്ടീഷ് പാരമ്പര്യങ്ങളുമായോ ഇത് അനുരഞ്ജിപ്പിക്കാനാകുമെന്ന് നിങ്ങൾക്ക് പറയാനാകുമോ? ക്രിസ്തുവിനെയും ബ്രിട്ടീഷ് പാരമ്പര്യത്തെയും നിങ്ങൾ തൂത്തെറിഞ്ഞിട്ടുണ്ടെങ്കിൽ, എനിക്ക് ഒന്നും പറയാനില്ല; ഞാൻ എഴുതിയത് സന്തോഷത്തോടെ പിൻവലിക്കുന്നു. ഈ സ്ഥിതി പിന്തുടരുന്ന ധാരാളം അനുയായികൾ നിങ്ങൾക്കുണ്ടെങ്കിൽ ബ്രിട്ടീഷുകാർക്കും ഇന്ത്യക്കും ഇത് ദുഃഖകരമായ ദിവസമായിരിക്കും. ' ഇതായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
അഹിംസാത്മക ചെറുത്തുനിൽപ്പിന്‍റെ ഗാന്ധിയൻ മാർഗങ്ങൾ ഒടുവിൽ നെൽസൺ മണ്ടേലയെപ്പോലുള്ളവർക്ക് പ്രചോദനമായതായി നമുക്ക് മനസ്സിലാക്കാം. വിപരീത വർണ്ണവിവേചനത്തിനുള്ള എല്ലാ ആഹ്വാനങ്ങളെയും മണ്ടേല നിരസിച്ചത് ഗാന്ധിയൻ ചിന്ത ശരിയായി ഉൾക്കൊണ്ടതിന്‍റെ മികച്ച ഉദാഹരണമാണ്.
വർണ്ണവിവേചനാനന്തര വർഷങ്ങളിൽ ദക്ഷിണാഫ്രിക്ക ഗാന്ധിയെ പരാമർശിക്കുകയോ ആരാധിക്കുകയോ ചെയ്തില്ല, പക്ഷേ അദ്ദേഹത്തിന്‍റെ സന്ദേശം അവർ പൂർണ്ണമായും ഉൾക്കൊണ്ടു. അവിടെ നിന്നാണ് നാം പഠിക്കേണ്ടത്.
!['വെജിറ്റേറിയൻ' ഇംഗ്ലീഷ് വാരിക ഇന്ത്യൻ റിവ്യൂ എഡിറ്റർ ജി വി നടേശന്‍](https://etvbharatimages.akamaized.net/etvbharat/prod-images/4157575_gandhi-image.jpg)
സമൂഹത്തിൽ വേട്ടയാടപ്പെട്ട അജിത് ഭട്ടാചാർജിയ, ശ്രീ മൂൽഗാവ്കർ, ബി ജി വർഗീസ്, വി കെ നരസിംഹൻ പോലുള്ള എഡിറ്റർമാരെ നമ്മൾ കണ്ടു. അടിയന്തരാവസ്ഥയിൽ ധൈര്യത്തിന്‍റെ പ്രതീകമായിരുന്ന രാംനാഥ് ഗോയങ്കയെപ്പോലുള്ള പത്രാധിപരെയും. ഒരു രാഷ്ട്രീയക്കാരനെന്ന നിലയിൽ മാത്രമല്ല, ഒരു പത്രപ്രവർത്തകനെന്ന നിലയിലും ഗാന്ധിജിയുടെ രചനകൾ 300 ദശലക്ഷത്തിലധികം ആളുകളുടെ അഭിലാഷങ്ങൾ വഹിച്ചു. പത്രപ്രവർത്തനത്തിൽ ഗാന്ധിയൻ വിശ്വാസങ്ങൾ ആവിഷ്‌കരിക്കേണ്ട സമയമാണിത്. അദ്ദേഹത്തിൽ നിന്ന് നമ്മൾ സൃഷ്ടിച്ച ബിംബങ്ങളിലേക്ക് ചായുന്നതിന് പകരം അദ്ദേഹം തന്‍റെ ജീവിതത്തിലൂടെ പകർന്നു നൽകിയ സന്ദേശം നാം മനസ്സിലാക്കേണ്ടതുണ്ട്. അദ്ദേഹത്തിന്‍റെ 150-ാം ജന്മവാർഷികത്തിൽ ഇതിലും ഉചിതമായ ആദരാഞ്ജലി അർപ്പിക്കാൻ മറ്റൊന്നിനും കഴിയില്ല.
ചന്ദ്രകാന്ത് നായിഡു (മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍)