ന്യൂഡൽഹി: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ശാസ്ത്ര സാങ്കേതിക രംഗത്തെ നാഴികക്കല്ലാകും ഗഗൻയാൻ ദൗത്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റിപ്പബ്ലിക് ദിനത്തിൽ ഗഗൻയാൻ ദൗത്യത്തെപ്പറ്റി സംസാരിക്കാനായതിൽ സന്തോഷമുണ്ടെന്നും 2022ൽ ഇന്ത്യൻ പൗരനെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുമെന്ന പ്രതിജ്ഞ നിറവേറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'മൻ കി ബാതി'ലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഇന്ത്യൻ വ്യോമസേനയിലെ നാല് പൈലറ്റുമാരെ ദൗത്യത്തിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും മിഷനുള്ള പരിശീലനത്തിനായി അവർ റഷ്യയിലേക്ക് പോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ യുവ തലമുറ ധൈര്യം, സ്വപ്‌നങ്ങൾ, പ്രതിഭ എന്നിവയുടെ പ്രതീകങ്ങളാണെന്നും അദ്ദേഹം 'മൻ കി ബാതി'ൽ പറഞ്ഞു. റഷ്യയുമായുള്ള ബന്ധം ദൗത്യത്തിലൂടെ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ദൗത്യവുമായി ബന്ധപ്പെട്ട എല്ലാവർക്കും ആശംസകൾ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.