ജയ്‌പൂർ: രുമാ ദേവിയുടെ ജീവിതം പുതിയ തലമുറക്ക് പ്രചോദനമാണ്. കഴിവും പ്രതിജ്ഞാബദ്ധതയും ഒത്തുചേർന്നതോടെ ഉയരങ്ങൾ കീഴടക്കിയിരിക്കുകയാണ് ഇവർ. ബാര്‍മർ സ്വദേശിനിയായ രുമാ ദേവി ലോക പ്രശസ്‌തമായ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രസംഗം നടത്തി സ്‌ത്രീകള്‍ക്ക് പ്രചോദനമായി മാറി. കാഷിതെ (ചിത്രകംബളം) എന്ന കരകൗശലത്തില്‍ തുടക്കം കുറിച്ച രുമാ ദേവി ഇന്ന് സുപ്രസിദ്ധരായ ഡിസൈനര്‍മാര്‍ നടത്തുന്ന ഫാഷന്‍ ഷോകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. പ്രശസ്‌തരായ ഡിസൈനര്‍മാരും മോഡലുകളും ഇന്ന് ഇവര്‍ ഒരുക്കുന്ന വസ്‌ത്രങ്ങളുടെ പ്രതിനിധികളാണ്.
രുമാ ദേവിയുടെ ജീവിതം പ്രയാസങ്ങള്‍ നിറഞ്ഞതായിരുന്നു. വലിയ വിദ്യാഭ്യാസമൊന്നും ലഭിക്കാത്ത ഇവർ ചിത്ര തുന്നല്‍ മാത്രമാണ് പഠിച്ചത്. 1988ൽ ബാര്‍മറിലെ കൊച്ചു ഗ്രാമമായ റവത്‌സറിലാണ് രുമാ ദേവി ജനിച്ചത്. വെറും നാല് വയസ് പ്രായമുള്ളപ്പോള്‍ അമ്മയെ നഷ്‌ടപ്പെട്ടു. എട്ടാം ക്ലാസ് കഴിഞ്ഞതോടെ വിവാഹം ചെയ്‌തയച്ചു. കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി മോശമായതുമൂലം ചികിത്സ ലഭിക്കാതെ രുമാ ദേവിക്ക് രണ്ട് വയസുള്ള കുഞ്ഞിനെ നഷ്‌ടപ്പെട്ടു. അതിനുശേഷമാണ് ദാരിദ്ര്യത്തില്‍ നിന്നും മോചനം ലഭിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് രുമാ ദേവി തീരുമാനിച്ചത്. അന്ന് മുതല്‍ ഇന്നുവരെ 22,000 സ്‌ത്രീകള്‍ക്കാണ് രുമാ ദേവി തൊഴില്‍ ലഭ്യമാക്കിയത്.
കഴിഞ്ഞ വര്‍ഷമാണ് രാജ്യം നാരീശക്തി പുരസ്‌കാരം നല്‍കി രുമാ ദേവിയെ ആദരിച്ചത്. രാഷ്‌ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് രുമാ ദേവി പുരസ്‌കാരം ഏറ്റുവാങ്ങി. മാത്രമല്ല കോന്‍ ബനേഗാ ക്രോര്‍പതി (കെബിസി) എന്ന പരിപാടിയിലേക്കും അവര്‍ ക്ഷണിക്കപ്പെട്ടു. പെണ്‍കരുത്തിന്‍റെ പ്രതീകമെന്ന നിലയിലാണ് കെബിസിയുടെ വേദിയിലേക്ക് ക്ഷണിച്ചത്. ഇതുവരെ നിരവധി പുരസ്‌കാരങ്ങൾ രുമാ ദേവിക്ക് ലഭിച്ചു. തന്‍റെ തൊഴിലിലൂടെ സ്‌ത്രീ ശാക്തീകരണത്തിന് ഊര്‍ജ്ജമായിരിക്കുകയാണ് ഇവര്‍. ഇന്ന് സ്‌ത്രീ ശാക്തീകരണ രംഗത്തെ പ്രമുഖയാണ് രുമാ ദേവി. ധൈര്യവും കഴിവുമുണ്ടെങ്കിൽ ലക്ഷ്യത്തിലേക്കെത്താൻ അധിക ദൂരമില്ലെന്ന് രുമാ ദേവിയുടെ ജീവിതം നമ്മളെ പഠിപ്പിക്കുന്നു.