മുംബൈ: സംസ്ഥാനത്ത് നിന്നും കൊവിഡിനെ തുടച്ചു നീക്കുകയെന്നതാണ് ഇപ്പോഴത്തെ സര്‍ക്കാരിന് മുന്നിലുള്ള വലിയ വെല്ലുവിളിയെന്ന് മഹാരാഷ്ട്ര ഗവർണര്‍ ഭഗത് സിംഗ് കോഷ്യാരി. കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുകയെന്നതും ബാധ്യതയാണ്. രാജ്യത്ത് കൊവിഡ് ഏറ്റവുമധികം ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. 10,000ല്‍ അധികം ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധയെ തുടര്‍ന്ന് 459 പേര്‍ മരിച്ചു.
എന്നാല്‍ ഈ രണ്ട് വെല്ലുവിളികളേയും സംസ്ഥാന സര്‍ക്കാര്‍ ശരിയായ രീതിയില്‍ നേരുടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്ര രൂപീകരിച്ചിട്ട് 60 വര്‍ഷം തികയുന്ന ദിനത്തില്‍ സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു. കൊവിഡിനെ ചെറുക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദേശം അനുസരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഗ്രീന്‍ സോണ്‍ മേഖലയിലുള്ള വ്യാവസായ ശാലകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിയെ ഗവര്‍ണര്‍ അഭിനന്ദിച്ചു. പ്രതിസന്ധി ഘട്ടത്തിലും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.