ന്യൂഡൽഹി: ഡല്‍ഹിയില്‍ ഇനി മുതല്‍ സൗജന്യ വൈ ഫൈ നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തലസ്ഥാനത്ത് മാത്രം 11,000 വൈ- ഫൈ-ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി കഴിഞ്ഞു.
ആദ്യത്തെ 100 ഹോട്ട്സ്‌പോട്ടുകള്‍ അടുത്ത ആറു മാസത്തിനുള്ളില്‍ പൂര്‍ണമായും പ്രവര്‍ത്തിച്ചു തുടങ്ങും. ഇതിന്‍റെ ഉദ്ഘാടനം ഡിസംബര്‍ 16ന് നടത്തും. തീരുമാനം പ്രകടന പത്രികയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
4,000 ഹോട്ട്‌സ്പോട്ടുകൾ ബസ് സ്റ്റോപ്പുകളിലും ഒരു അസംബ്ലി മണ്ഡലത്തില്‍ 7000 ഹോട്ട്സ്‌പോട്ടുകള്‍ എന്ന രീതിയിലുമാകും പ്രാബല്യത്തില്‍ വരിക. പദ്ധതിക്ക് 100 കോടി രൂപയോളം ചെലവു വരും. പദ്ധതി വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ഉപഭോക്താക്കള്‍ക്കും പ്രതിമാസം 15 ജിബി സൗജന്യ ഡേറ്റാ നല്‍കാനും തീരുമാനമുണ്ട്.