ന്യൂഡല്‍ഹി: അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ അനുവദിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. എട്ട് കോടി അതിഥി തൊഴിലാളികള്‍ക്ക് അടുത്ത രണ്ട് മാസത്തേക്കാണ് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ ധനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്. അഞ്ച് കിലോ ധാന്യങ്ങളും ഒരു കിലോ കടലയുമാണ് ഇവര്‍ക്ക് രണ്ട് മാസത്തേക്ക് ലഭിക്കുക. ആത്‌മ നിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജിന്‍റെ രണ്ടാം ഘട്ട പ്രഖ്യാപനത്തിലാണ് ധനമന്ത്രിയുടെ സഹായ വാഗ്‌ദാനം. 2021 മാര്‍ച്ചോടെ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി പൂര്‍ണമാകുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പിഡിഎസ് കാര്‍ഡുകളില്ലാത്ത അതിഥി തൊഴിലാളികള്‍ക്കും സൗജന്യ സഹായം ലഭിക്കുന്നതാണ്. പിഡിഎസ് റേഷന്‍ കാര്‍ഡുകള്‍ പോര്‍ട്ടബിള്‍ ആക്കുന്നതിലൂടെ അതിഥി തൊഴിലാളികള്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ അവരുടെ റേഷന്‍ കാര്‍ഡുകള്‍ ഉപയോഗിക്കാം. ആഗസ്റ്റോടെ 23 സംസ്ഥാനങ്ങള്‍ക്കായി 83 ശതമാനം പിഡിഎസ് ഗുണഭോക്താക്കള്‍ക്കും സേവനം പ്രയോജനപ്പെടുമെന്നും ധനമന്ത്രി വ്യക്തമാക്കി.