ന്യൂഡൽഹി: ബിഹാറിലെ ജനങ്ങൾക്ക് സൗജന്യമായി കൊവിഡ് വാക്സിൻ നൽകുമെന്ന വാഗ്ദാനം ശരിയായ രീതിയിൽ തന്നെയെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. പ്രകടനപത്രികയിലെ പ്രഖ്യാപനം തികച്ചും ക്രമത്തിലാണെന്നും അധികാരത്തിൽ വരുമ്പോൾ എന്തുചെയ്യണമെന്ന് ഒരു പാർട്ടിക്ക് പ്രഖ്യാപിക്കാമെന്നും ധനമന്ത്രി പറഞ്ഞു.
“ഇത് ഒരു പ്രകടന പത്രിക പ്രഖ്യാപനമാണ്. അധികാരത്തിൽ വരുമ്പോൾ ഒരു പാർട്ടിക്ക് എന്താണ് ചെയ്യേണ്ടതെന്ന് പ്രഖ്യാപിക്കാൻ കഴിയും. അതാണ് കൃത്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യം ഒരു സംസ്ഥാന വിഷയമാണ്. തികച്ചും ക്രമത്തിലാണ് പ്രഖ്യാപനം" നിർമ്മല സീതാരാമൻ മാധ്യമങ്ങളോട് പറഞ്ഞു.
ബിഹാർ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക വ്യാഴാഴ്ചയാണ് നിർമ്മല സീതാരാമൻ പുറത്തിറക്കിയത്. പാർട്ടി വീണ്ടും അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ ജനങ്ങൾക്ക് കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രകടനപത്രികയിൽ പറയുന്നുണ്ട്.
ഭരണകക്ഷി രാഷ്ട്രീയ നേട്ടങ്ങൾക്കായി മഹാമാരിയെ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിപക്ഷം സമീപിച്ചിരുന്നു.