ഭുവനേശ്വർ: ഹോം ക്വാറന്‍റൈൻ ലംഘിച്ചതിന് ഒഡീഷയിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്‌തു. അമേരിക്കയിൽ നിന്നെത്തിയ ഒരാൾക്കെതിരെ പുരി ഘട്ട് പൊലീസ് സ്റ്റേഷനിലാണ് ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്‌തത്. ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശം അനുസരിച്ചുള്ള പരിശോധനയിൽ ഇയാളെ മാർക്കറ്റിൽ നിന്നാണ് കണ്ടെത്തിയത്. ശേഷം ഇയാളെ നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഉസ്‌ബക്കിസ്ഥാനിൽ നിന്നെത്തിയ മറ്റൊരാൾക്കെതിരെയാണ് രണ്ടാമതായി കേസെടുത്തത്. ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശങ്ങൾ അവഗണിച്ച് പുറത്തിറങ്ങിയതിനാണ് ഇയാൾക്കെതിരെ ധനുപാലി പൊലീസ് കേസെടുത്തത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ദമ്പതികൾക്കെതിരെയാണ് മൂന്നാമത്തെ കേസ് രജിസ്റ്റർ ചെയ്‌തത്. ഇവരെ ഭുവനേശ്വറിലെ സർക്കാർ ആശുപത്രിയിൽ നിരീക്ഷണത്തിനായി മാറ്റി.