പെനാമലുരു (ആന്ധ്രാപ്രദേശ്): തലസ്ഥാന മാറ്റത്തില്‍ പ്രതിഷേധിച്ച് അമരാവതിയിലെ കര്‍ഷകര്‍ നടത്തുന്ന കർഷക സമരത്തില്‍ പങ്കെടുക്കാന്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് തെലുങ്ക് ദേശം പാർട്ടി (ടിഡിപി) മുൻ എംഎൽഎ ബോഡെ പ്രസാദ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ ഷൂസ് പോളിഷ് ചെയ്യാൻ ശ്രമിച്ചു. കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച അദ്ദേഹം പെനാമലുരുവിലുള്ള വീട്ടിൽ "ദീക്ഷ" സ്വീകരിച്ച് സമരത്തിലാണ്. ആന്ധ്രാപ്രദേശ് പൊലീസ് ടിഡിപി നേതാക്കളെ വീട്ടുതടങ്കലിൽ പാർപ്പിച്ചതിനാല്‍ നേതാക്കള്‍ക്ക് പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ല.
അമരാവതിയെ സംസ്ഥാന തലസ്ഥാനമായി നിലനിർത്തണമെന്ന ആവശ്യം ഉന്നയിച്ച് കഴിഞ്ഞി ദിവസം രാഷ്ട്രീയ പാര്‍ട്ടികള്‍ ദേശീയ പാത ഉപരോധിച്ചിരുന്നു. ഉപരോധം കണക്കിലെടുത്ത് മുൻ മന്ത്രി എൻ ആനന്ദ് ബാബു, ടിഡിപി എംഎൽസി ഡോക്ക മാണിക്വര വര പ്രസാദ് എന്നിവരെ ഗുണ്ടൂർ ജില്ലകളിൽ പൊലീസ് വീട്ടുതടങ്കലിൽ പാർപ്പിച്ചെന്ന് ടിഡിപി സംസ്ഥാന പ്രസിഡന്‍റ് കെ കല വെങ്കട്ടറാവു ആരോപിച്ചു. നിയമസഭ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയ്ക്ക് മൂന്ന് തലസ്ഥാന നഗരങ്ങൾ നൽകി ആന്ധ്രാപ്രദേശ് വികസനം വികേന്ദ്രീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനെതിരായാണ് കര്‍ഷകര്‍ രംഗത്തിറങ്ങുന്നത്.