ന്യൂഡൽഹി: കൊവിഡ് പരിശോധനയിൽ നിന്ന് രോഗലക്ഷണങ്ങളില്ലാത്തവരെ ഒഴിവാക്കാനുള്ള ഡല്‍ഹി സർക്കാരിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) മുൻ മേധാവി ഡോ.കെ.കെ.അഗർവാൾ ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസുമാരായ ഹിമാ കോഹ്‌ലി, സുബ്രമണ്യം പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഡോ.അഗർവാളിന്‍റെ ഹര്‍ജി തിങ്കളാഴ്‌ച പരിഗണിക്കും.
ജൂൺ രണ്ടിനാണ് ഡല്‍ഹി സര്‍ക്കാര്‍ രോഗലക്ഷണങ്ങളില്ലാത്തവരില്‍ കൊവിഡ് പരിശോധന നടത്തരുതെന്ന് ഉത്തരവിട്ടത്. വൈദ്യ പരിശോധന നടത്തുക എന്നത് ഓരോ പൗരന്‍റെയും മൗലികാവകാശമാണെന്ന് ഡോ.അഗർവാൾ ചൂണ്ടിക്കാട്ടി. രോഗലക്ഷണം ഇല്ലാത്തവര്‍ക്കോ (അസിംപ്‌റ്റോമാറ്റിക്) അല്ലെങ്കിൽ മുമ്പ് രോഗലക്ഷണം ഉണ്ടായിരുന്നവര്‍ക്കോ (പ്രീ-സിംപ്‌റ്റോമാറ്റിക്) സ്വയം കൊവിഡ് പരിശോധന നടത്താൻ കഴിയണമെന്നും അതിനെ നിഷേധിക്കരുതെന്നും അദ്ദേഹം വാദിച്ചു. ഡല്‍ഹി സർക്കാരിന്‍റെ ഉത്തരവ് പൗരന്‍റെ ആരോഗ്യത്തിനുള്ള മൗലികാവകാശത്തെ പൂർണമായും ലംഘിക്കുകയാണ്. ലോക്ക് ഡൗൺ അവസാനിക്കുന്നതോടെ കൊവിഡ് കേസുകളുടെ എണ്ണം ഗണ്യമായി വർധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.