ഗുവാഹത്തി: മുതിർന്ന കോൺഗ്രസ് നേതാവും അസം മുൻ മുഖ്യമന്ത്രിയുമായ തരുൺ ഗൊഗോയിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള അദ്ദേഹം ഇപ്പോള്‍ ഗുവാഹത്തി മെഡിക്കല്‍ കൊളജില്‍ വെന്‍റിലേറ്ററിലാണ്. ഡോക്ടര്‍മാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അടുത്ത 48 മണിക്കൂര്‍ തരുണ്‍ ഗൊഗോയിക്ക് നിര്‍ണായകമാണെന്നും അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 25 നാണ് അദ്ദേഹത്തിന് കൊവിഡ് -19 ബാധിച്ചത്. അടുത്തദിവസം തന്നെ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. ഓഗസ്റ്റ് 31 ന് ശരീരത്തിലെ ഓക്സിജന്‍റെ അളവ് കുറഞ്ഞ് ആരോഗ്യനില വഷളായി. പിന്നീട് അദ്ദേഹത്തിന് പ്ലാസ്മ തെറാപ്പി നൽകി. കൊവിഡ് മുക്തനായ തരുൺ ഗൊഗോയ് ഒക്ടോബർ 25 ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടു. വീണ്ടും ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ നവംബര്‍ ഒന്നിന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. പിന്നീട് അദ്ദേഹത്തെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കൊവിഡ് പോസിറ്റീവ് ആകുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ, 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഉൾപ്പെടുത്തി ഒരു മഹത്തായ സഖ്യം രൂപീകരിക്കുന്നതിനുള്ള കോൺഗ്രസ് സംരംഭത്തിൽ ഗൊഗോയ് മുൻപന്തിയിലായിരുന്നു.