മുംബൈ: സ്വദേശത്തേക്ക് കാൽ നടയായി പോകുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഗതാഗത സൗകര്യങ്ങളൊരുക്കാൻ പ്രത്യേക ടീമുകളെ സജ്ജമാക്കണമെന്ന് ബോംബെ ഹൈക്കോടതി. സംസ്ഥാനത്തെ ദേശീയപാതകൾ നിരീക്ഷിക്കുന്നതിനും, കുടിയേറ്റ തൊഴിലാളികൾക്ക് സ്വദേശത്തേക്ക് മടങ്ങാനായി അതിർത്തിയിൽ എത്താനുമുള്ള സൗകര്യങ്ങളൊരുക്കാനും പ്രത്യേക ടീമുകളെ സജ്ജമാക്കണമെന്ന് ബോംബെ ഹൈക്കോടതി നിർദേശിച്ചു.
ജില്ലാ കലക്‌ടർമാർ, കൗൺസിൽ അധികൃതർ, പൊലീസ് മേധാവികൾ എന്നിവർക്കാണ് സംഘത്തെ രൂപീകരിക്കാനുള്ള ചുമതല. നാഗ്‌പൂർ ബെഞ്ചിലെ ജസ്റ്റിസ് മാധവ് ജാംദറാണ് നിർദേശം നൽകിയത്. കുടുങ്ങി കിടക്കുന്ന വ്യക്തികളുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ പ്രത്യേക സംഘം ബന്ധപ്പെട്ട ജില്ലാ കലക്‌ടറെയോ, പൊലീസ് മേധാവിയെയോ അറിയിക്കണം. ശേഷം തൊഴിലാളികളെ സംസ്ഥാന അതിർത്തിയിൽ എത്തിക്കാനുള്ള പ്രത്യേക ബസുകൾ ക്രമീകരിക്കാൻ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോര്‍ട്ട് കോർപ്പറേഷനിൽ ( എംഎസ്ആർടിസി) നിന്നും അനുവാദം വാങ്ങണം.
ദേശീയപാതകളിലെ പ്രത്യേക പോയിന്‍റുകളിൽ ബസുകൾ ലഭ്യമാക്കാണമെന്ന് എംഎസ്ആർടിസിയോട് നിർദേശിക്കണമെന്ന് അഭിഭാഷകനായ ദേവൻ ചൗഹാൻ അഭ്യർഥിച്ചു. കുടിയേറ്റ തൊഴിലാളികൾക്കായി കിടക്കകൾ, ഫാനുകൾ, ശുചിമുറികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളോടെ താൽക്കാലിക താമസസൗകര്യങ്ങൾ ഒരുക്കണമെന്നും കൊവിഡ് പരിശോധനകൾ നടത്തണമെന്നും ഹൈക്കോടതി ജില്ലാ കലക്‌ടർമാർക്ക് നിർദേശം നൽകി. ശരിയായ ഗതാഗത സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ ആയിരക്കണക്കിന് കുടിയേറ്റക്കാരും തൊഴിലാളികളും സ്വദേശത്തേക്ക് കാൽനടയായി സഞ്ചരിക്കാൻ തുടങ്ങി. ഇതേക്കുറിച്ച് മെയ് 15ന് കൂടുതൽ വാദം കേൾക്കും.