കൊൽക്കത്ത: ഫാനി ചുഴലി കൊടുങ്കാറ്റ് ബംഗാളിൽ. ഇന്ന് അതിരാവിലെ ബംഗാളിലെ ഖരഖ്പൂരിലെത്തിയ കാറ്റ് 90 കിലോമീറ്റർ വേഗതയിൽ വടക്കുകിഴക്ക് മേഖലയിലേക്കാണ് നീങ്ങുന്നത്. കാറ്റിൽപെട്ട് മരിച്ചവരുടെ എണ്ണം എട്ടായി. ബംഗാളിലെത്തിയതോടെ കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. വലിയ മുന്നൊരുക്കങ്ങളാണ് പശ്ചിമബംഗാളിലും ഫാനിയെ നേരിടാനായി ഒരുക്കിയിട്ടുള്ളത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ വിമാന സർവീസുകളെല്ലാം പുനഃസ്ഥാപിക്കുമെന്നാണ് വിവരം. കൊൽക്കത്തയിൽനിന്നുള്ള 200ൽ അധികം വിമാന സർവീസുകളാണ് റദ്ദാക്കിയത്.
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തെരഞ്ഞെടുപ്പ് പരിപാടികൾ 48 മണിക്കൂർ നേരത്തേക്ക് നിർത്തിവച്ചിട്ടുണ്ട്. ജാർഖണ്ഡിൽ മേയ് അഞ്ചിന് തീരുമാനിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലി ആറിലേക്ക് മാറ്റി. ബംഗാളിൽ ഈസ്റ്റ്, വെസ്റ്റ് മേദിനിപൂർ, സൗത്ത്, നോർത്ത് 24 പര്‍ഗാനസ്, ഹൗറ, ഹൂഗ്ലി, ജാർഗാം ജില്ലകളെയും കൊൽക്കത്തയെയും കാറ്റ് ബാധിക്കുമെന്നാണു വിവരം. 20 വര്‍ഷത്തിനിടയില്‍ ഇന്ത്യയിൽ വീശിയടിച്ച ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് ഫാനി.