ന്യൂഡൽഹി: അപേക്ഷിച്ചാല്‍ ഉടന്‍ പാന്‍ കാര്‍ഡ് ലഭ്യമാക്കുന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്‌ഘാടനം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ നിര്‍വഹിച്ചു. ആധാറില്‍ അധിഷ്‌ഠിതമായ ഇ-കെ വൈ സി സംവിധാനം വഴിയാണ് ഇത് നടപ്പാക്കുന്നത്. സാധുവായ ആധാര്‍ കാര്‍ഡും ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്‌ത മൊബൈല്‍ ഫോണുമുള്ളവര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. ഇ-പാൻ അപേക്ഷകര്‍ക്ക് സൗജന്യമായി ലഭിക്കുന്ന പദ്ധതിക്കാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചത്.
ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള ആദായനികുതി വകുപ്പിന്‍റെ മറ്റൊരു പടിയാണ് അപേക്ഷിച്ചാല്‍ ഉടന്‍ തന്നെ പാന്‍ കാര്‍ഡ് ലഭ്യമാക്കുന്ന സംവിധാനം. ഇത് നികുതിദായര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്ന് ആദായനികുതി വകുപ്പ് പ്രസ്‌താവനയില്‍ പറഞ്ഞു. മെയ് 25 വരെയുള്ള കണക്കുകൾ പ്രകാരം മൊത്തം 50.52 കോടി നികുതിദായകർക്ക് പാൻ കാര്‍ഡ് അനുവദിച്ചിട്ടുണ്ട്.