ന്യൂഡല്‍ഹി: പഞ്ചാബ് ആന്‍റ് മഹാരാഷ്ട്ര ബാങ്ക് വിഷയത്തില്‍ ഇടപെട്ട് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തിനോട് പണം പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടാമെന്ന് മന്ത്രി അറിയിച്ചു. ആര്‍ബിഐ ഗവര്‍ണറെ ഈ വിഷയത്തില്‍ അടിന്തരമായി ഇടപെടേണ്ടതിന്‍റെ ആവശ്യം അറിയിക്കാമെന്നും ധനകാര്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. പണം തിരികെ വേണമെന്നാവശ്യപ്പെട്ട് പിഎംസി ബാങ്ക് നിക്ഷേപകര്‍ മുംബൈയിലെ ബിജെപി ഓഫീസിന് മുമ്പില്‍ പ്രക്ഷോഭം ആരംഭിച്ചതിന് പിന്നാലെയാണ് നീക്കം.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി ഓഫീസില്‍ ധനമന്ത്രിയുടെ വാര്‍ത്താ സമ്മേളനമുണ്ടെന്നറിഞ്ഞ നിക്ഷേപകർ അവരെ നേരില്‍ കാണാനായി എത്തുകയായിരുന്നു. പാപ്പരത്ത നടപടികള്‍ നേരിടുന്ന ഒരു ക്ലയന്‍റ്-റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ഹൗസിംഗ് ഡെവലപ്‌മെന്‍റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് (എച്ച്‌ഡിഐഎല്‍) വന്‍തോതില്‍ വായ്പ നല്‍കാനായി റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ പിഎംസിബി ലംഘിച്ചതോടെയാണ് പ്രശ്നമുണ്ടായത്. ഇതിനിടെ നൂറുകണക്കിന് പഞ്ചാബ് മഹാരാഷ്ട്ര കോർപ്പറേഷൻ ബാങ്ക് അക്കൗണ്ട് ഉടമകൾ ബുധനാഴ്ച മുംബൈയിലെ എസ്‌പ്ലാനേഡ് കോടതിക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ഹൗസിംഗ് ഡെവലപ്‌മെന്‍റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (എച്ച്ഡിഐഎൽ) ഡയറക്ടർമാരായ സാരംഗ് വാധവൻ, രാകേഷ് വാധവാൻ എന്നിവരുടെ വാദം കോടതി കേള്‍ക്കുന്നതിനിടെ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പ്രതികൾക്ക് ജാമ്യം നൽകരുതെന്നും അവർ ആവശ്യപ്പെട്ടു.