ഗുവാഹത്തി: അസം പ്രളയത്തിൽ ഏഴ് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. പ്രളയത്തെ തുടർന്നുണ്ടായ നാശനഷ്‌ടങ്ങളിൽ 15 ലക്ഷത്തോളം പേർ ദുരിതത്തിലാണെന്ന് സർക്കാർ കണക്കുകൾ. സംസ്ഥാനത്ത് പ്രളയത്തിൽ 33 പേരും മണ്ണിടിച്ചിലിൽ 24 പേരുമാണ് മരിച്ചത്. പ്രളയ ദുരിതബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്.
ബാർപെറ്റയിൽ ആറ് ലക്ഷത്തോളം പേരും തെക്കൻ സൽമാരയിൽ രണ്ട് ലക്ഷത്തോളം പേരും ഗോൾപാറയിൽ 94,000 പേരുമാണ് ദുരിതബാധിതരെന്ന് അസം സംസ്ഥാന ദുരന്ത നിവാരണ സമിതി അറിയിച്ചു. മൂന്ന് ജില്ലകളിൽ നിന്നായി ജില്ലാ ഭരണകൂടം 4,221 പേരെ ഇന്നലെ ഒഴിപ്പിച്ചിരുന്നു. 2,197 ഗ്രാമങ്ങളും 87,018.17 ഹെക്‌ടർ കൃഷിയിടവും വെള്ളത്തിനടിയിലാണെന്ന് എഎസ്‌ഡിഎംഎ പറഞ്ഞു. 15 ജില്ലകളിലെ 254 ദുരിതാശ്വാസ ക്യാമ്പുകളിലായി 15,289 പേരാണ് അഭയം തേടിയിട്ടുള്ളത്.