ന്യൂഡൽഹി: സൗദിയിൽ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് അഞ്ച് ഇന്ത്യക്കാരാണ്. മലയാളികളായ ഷബ്‌നാസ്, സഫ്‌വാൻ എന്നിവരും മഹാരാഷ്‌ട്ര സ്വദേശി സുലൈമാൻ സയ്യദ് ജുനൈദ്, ഉത്തർ പ്രദേശ് സ്വദേശി ബദ്‌റെ അലം, തെലങ്കാനയിൽ നിന്നുള്ള അസ്മത്തുള്ള ഖാൻ എന്നിവരും മരിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.
സൗദി അറേബ്യയിലെ കൊവിഡ് പകർച്ചവ്യാധിയുടെ സ്ഥിതിഗതികൾ എംബസി വിശദമായി നിരീക്ഷിക്കുന്നുണ്ട്. സൗദിയിലുള്ള ഇന്ത്യൻ പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതായും ഇന്ത്യന്‍ സ്ഥാനപതി ഔസാഫ് സയീദ് പറഞ്ഞു. ഇന്ത്യൻ സമൂഹത്തിന് സഹായവുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ എംബസിയിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, +966546103992 വാട്‌സ്ആപ്പ് നമ്പറിലൂടെയും സഹായങ്ങൾ ലഭ്യമാണ്. covid19indianembassy@gmail.com എന്ന ഇ-മെയിൽ വിലാസം വഴിയും ഇന്ത്യക്കാർക്ക് സഹായമാവശ്യപ്പെടാമെന്ന് എംബസി അറിയിച്ചു. അടിയന്തര ഘട്ടങ്ങളിൽ സഹായമെത്തിക്കാൻ ഇന്ത്യൻ ഡോക്‌ടർമാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ വഴി സാധ്യമാകും. കൂടാതെ, രാജ്യത്തെ ജനങ്ങൾക്ക് ഭക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനായി പ്രധാന ഭക്ഷണ വിതരണ ശൃംഖലകളുമായും ഇന്ത്യൻ ഹോട്ടലുകളുമായും എംബസി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഔസാഫ് സയീദ് കൂട്ടിച്ചേർത്തു.
സാമൂഹ്യ അകലം പാലിക്കൽ, ആരോഗ്യപ്രവർത്തകരുടെ സഹായത്താൽ തൊഴിലാളികളുടെ ആരോഗ്യം നിരീക്ഷിക്കൽ തുടങ്ങിയ എല്ലാ മുൻകരുതലുകളും നടപ്പാക്കണമെന്ന് യുഎഇയിൽ ഇന്ത്യക്കാർ തൊഴിൽ ചെയ്യുന്ന മുഴുവൻ കമ്പനികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്പനിയുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും എംബസി വിശദീകരിച്ചു. ആരും പരിഭ്രാന്തരാകാതെ സംയമനം പാലിക്കണം. അങ്ങേയറ്റം ഉത്തരവാദിത്തത്തോടെയും അച്ചടക്കത്തോടെയും പെരുമാറേണ്ട സമയമാണിത്. ഇത്തരമൊരു സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സൗദി അധികാരികൾക്ക് പൂർണ പിന്തുണ നൽകണമെന്നും അതിനായി വീട്ടിൽ സുരക്ഷിതരായി ഇരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. സാമൂഹ്യ അകലം പാലിക്കാനും കൂട്ടം കൂടാതിരിക്കാനും ശ്രദ്ധിക്കണമെന്നും ഇന്ത്യക്കാരോടായി ഔസാഫ് സയീദ് ആവശ്യപ്പെട്ടു. ഇന്ത്യയിലെ ലോക്ക് ഡൗൺ നീട്ടിവച്ചതിനാൽ അന്താരാഷ്ട്ര വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അതിനാൽ തന്നെ, പ്രവാസികളെ നാട്ടിലേക്ക് എത്തിക്കാൻ സാധിക്കില്ല. ഇന്ത്യയിലെയും സൗദി അറേബ്യയിലെയും അധികാരികളുമായി എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പുരോഗമനമുണ്ടായാൽ സമൂഹമാധ്യമങ്ങളിലൂടെയും വെബ്‌സൈറ്റിലൂടെയും വിവരങ്ങൾ കൈമാറുമെന്നും എംബസി അറിയിച്ചു.
ആഗോള മഹാമാരി തടയാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി അറബ് രാഷ്‌ട്രങ്ങളിൽ ഉംറ അടക്കമുള്ള മതപരമായ ചടങ്ങുകൾ നിർത്തിവച്ചിരിക്കുകയാണ്. ഗൾഫ് അറബ് രാജ്യങ്ങളിൽ സ്ഥിരീകരിച്ച 17000ത്തോളം കൊവിഡ് രോഗികളിൽ 4500ലധികം കേസുകൾ സൗദിയിൽ നിന്നാണ്. രാജ്യം അടച്ചുപൂട്ടി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നുണ്ടെങ്കിലും രോഗവ്യാപനം തടയാനാകുന്നില്ല. കൊവിഡ് പ്രധാനമായും തൊഴിലാളികളുടെ ഇടയിലും ആളുകൾ തിങ്ങിപാർക്കുന്ന പ്രദേശങ്ങളിലുമാണ് വർധിക്കുന്നതെന്നും ഇത് വലിയ വെല്ലുവിളി സൃഷ്‌ടിക്കുന്നുവെന്നും ആരോഗ്യമന്ത്രി ഡോ. തൗഫിക് അൽ റബിയ വ്യക്തമാക്കിയിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കഴിഞ്ഞ മാസം 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ച് സംസാരിച്ചിരുന്നു. കൂടാതെ, മാർച്ച് 26ന് സൗദി പ്രസിഡൻസിയുടെ അധ്യക്ഷതയിൽ നടന്ന ജി -20 ഉച്ചകോടിയിലും ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുത്തു. ഗൾഫ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നിലവിൽ രാജ്യത്തേക്ക് എത്തിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര ഗവൺമെന്‍റ് നിലപാട് വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്.
മഹാമാരിക്കെതിരെയുള്ള സുരക്ഷിതത്വം മാത്രമല്ല, അനേകായിരം മനുഷ്യജീവിതങ്ങളും സമ്പത്തും നഷ്‌ടമാകുന്നതിനാൽ ഇനിയെന്ത് എന്ന ആശങ്കയിലാണ് ഭൂരിഭാഗം പ്രവാസികളും. ആറ് ജിസിസി രാജ്യങ്ങളിൽ (ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, ഒമാൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്) എട്ട് ദശലക്ഷത്തിലധികം ഇന്ത്യൻ തൊഴിലാളികളുണ്ട്. സൗദിയിലെ ഏറ്റവും വലിയ പ്രവാസി സമൂഹവും ഇന്ത്യക്കാർ തന്നെ. ഏകദേശം രണ്ട് ദശലക്ഷം ഇന്ത്യൻ ജനതയുള്ള സൗദി അറേബ്യയിലെ ഭൂരിഭാഗം, ആതുരസേവന രംഗത്തുള്ളവരും ഖനന മേഖലയിൽ പണിയെടുക്കുന്നവരുമാണ്. 53 വിദേശ രാജ്യങ്ങളിൽ നിന്നായി 3300ലധികം ഇന്ത്യക്കാർക്ക് കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ 2100ൽ കൂടുതൽ ആളുകളും (ഏകദേശം 70 ശതമാനം) ഗൾഫ് അറബ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇറാനിലെ കോം, ടെഹ്‌റാൻ നഗരങ്ങളിൽ നിന്നും 300ഓളം ഇന്ത്യക്കാർക്കും കൊവിഡ് റിപ്പോർട്ട് ചെയ്‌തു.