ന്യൂഡല്‍ഹി: വീഡിയോ കോൺഫറൻസിലൂടെ വിവാഹമോചനം നല്‍കി സുപ്രീംകോടതി. ഇരുകക്ഷികളുടെയും പരസ്‌പര സമ്മതത്തോടെ ആണ് വിവാഹ മോചനം നല്‍കിയത്. കൊവിഡ് രോഗത്തിന്‍റെ പശ്ചാത്തലത്തിലാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹര്‍ജി തീര്‍പ്പാക്കിയത്. കേസുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ തുടരുന്ന എല്ലാ ഹർജികളും തീർപ്പാക്കിയതായി ജസ്റ്റിസ് വി.സുബ്രഹ്മണ്യൻ പറഞ്ഞു. 2001 മെയ് 31നാണ് ദമ്പതികൾ വിവാഹിതരായത്.
ഭരണഘടന ആർട്ടിക്കിൾ 142 പ്രകാരമാണ് വിവാഹ മോചനം നല്‍കിയത്. വിവാഹ മോചനത്തിന്‍റെ ഭാഗമായി 57,50,000 രൂപ ഭർത്താവ് ഭാര്യക്ക് നല്‍കാനും കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. വീഡിയോ കോൺഫറൻസിലൂടെ നടന്ന വാദത്തിനിടെ ഈ തുക ഭാര്യക്ക് ഭർത്താവ് നല്‍കിയതായി അഭിഭാഷകൻ അറിയിച്ചു. ഇതിന്‍റെ രേഖയും കക്ഷി ഹാജരാക്കി. തെലങ്കാന ജില്ല കോടതിയില്‍ വാദം കേട്ടിരുന്ന കേസ് കൊല്‍ക്കത്ത സെക്ഷൻസ് കോടതിയിലേക്കും ജില്ല കോടതിയിലേക്കും മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഭർത്താവ് സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയിലെ മധ്യസ്ഥ സംഘം ഇരുകക്ഷികളുമായി മധ്യസ്ഥ ചർച്ച നടത്തിയെന്നും പരസ്പര ധാരണയോടെയാണ് ബന്ധം വേർപ്പെടുത്തുന്നതെന്നും 2019 നവംബർ അഞ്ചിലെ ഉത്തരവ് ഉദ്ധരിച്ച് കോടതി അറിയിച്ചു.