ന്യൂഡൽഹി: ഡൽഹിയിലെ രോഹിണി ജയിലിൽ 28കാരന് കൊവിഡ് സ്ഥിരീകരിച്ചു. 28കാരൻ രോഗലക്ഷണങ്ങൾ കാണിച്ചിരുന്നില്ലെന്നും ഇയാളെ ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. രോഗിയുമായി സമ്പർക്കത്തിൽ വന്ന ആറോളം ഉദ്യോഗസ്ഥരെ ഗൃഹ ക്വാറന്‍റൈനിലേക്ക് മാറ്റി.
രോഗിയുമായി സമ്പർക്കത്തിൽ വന്ന സഹതടവുകാരെയും ഐസൊലേഷൻ ചെയ്‌തെന്ന് അധികൃതർ അറിയിച്ചു. മറ്റൊരു അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സക്കെത്തിയ ഇയാളുടെ സാമ്പിൾ കൊവിഡ് പരിശോധനക്ക് അയക്കുകയായിരുന്നു. ഡൽഹിയിലെ ജയിലിലെ ആദ്യ കൊവിഡ് പോസിറ്റീവ് കേസ് കൂടിയാണിത്.