ബെംഗളൂരു: ബെംഗളൂരുവിൽ ജൂലൈയിൽ കൊവിഡ് 19ൽ നിന്നും രോഗമുക്തി നേടിയ 27 കാരിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. രണ്ടാമത് കൊവിഡ് സ്ഥിരീകരിക്കുന്ന ആദ്യത്തെ കേസാണിത്.
ജൂലൈയിൽ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചതായും ചികിത്സക്ക് ശേഷം ഫലം നെഗറ്റീവ് ആയതായും ബെംഗളൂരു ഫോർട്ടിസ് ആശുപത്രി അറിയിച്ചു. എന്നാൽ യുവതിക്ക് ഒരു മാസത്തിനുള്ളിൽ നേരിയ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോൾ വീണ്ടും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
എന്നാൽ രണ്ട് തവണ പോസിറ്റീവ് ആയപ്പോഴും യുവതിക്ക് കടുത്ത രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഫോർട്ടിസ് ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു. ബെംഗളൂരുവിൽ കൊവിഡ് പുനപരിശോധന നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ കേസാണിത്. സാധാരണഗതിയിൽ അണുബാധയുണ്ടായാൽ രണ്ട് മുതൽ മൂന്ന് ആഴ്ചക്ക് ശേഷം രോഗിയിൽ കൊവിഡ് ഇമ്മ്യൂണോഗ്ലോബുലിൻ ജി ആന്‍റി ബോഡി ഉണ്ടാകും. എന്നാൽ ഈ യുവതിക്ക് ആന്‍റി ബോഡി നെഗറ്റീവ് ആയിരുന്നു. അതായത് അണുബാധയ്ക്ക് ശേഷം യുവതിയിൽ പ്രതിരോധശേഷി വികസിപ്പിച്ചിട്ടില്ലെന്ന് ഡോക്ടർ പറഞ്ഞു. ഒരു മാസത്തിനുള്ളിൽ ഐജിജി ആന്‍റിബോഡികൾ അപ്രത്യക്ഷമാകാൻ സാധ്യതയുണ്ടെന്നും ഡോക്ടർ പറയുന്നു.
ഇത്തരത്തിലുള്ള കേസുകൾ വ്യക്തമാക്കുന്നത് ആന്‍റി ബോഡികൾ എല്ലാ വ്യക്തിയും ഉൽപാദിപ്പിച്ചേക്കില്ല, അല്ലെങ്കിൽ അവ വികസിക്കുകയാണെങ്കിൽ അവ ദീർഘനേരം നീണ്ടുനിൽക്കില്ല. അതിനാൽ തന്നെ വീണ്ടും വൈറസ് ശരീരത്തിൽ പ്രവേശിച്ച് രോഗത്തിന് കാരണമാകാം.