ലക്നൗ: പ്രധാനമന്ത്രിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കും എതിരെ അപകീർത്തികരമായ മുദ്രാവാക്യം വിളിച്ചെന്ന കേസിൽ അലിഗഢ് സർവകലാശാല വിദ്യാർഥികൾക്കെതിരെ എഫ്ഐആർ. ജെഎൻയു ആക്രമണത്തിനെതിരെ അലിഗഢ് സർവകലാശാല വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിലാണ് നരേന്ദ്രമോദിക്കും യോഗി ആദിത്യനാഥിനുമെതിരെ മുദ്രാവാക്യം വിളി ഉയർന്നത്.
അപകീർത്തികരമായ മുദ്രാവാക്യം വിളിച്ചെന്ന കേസിൽ പ്രതിഷേധ ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ചാണ് ഉത്തർപ്രദേശ് പൊലീസ് വിദ്യാർഥികൾക്കെതിരെ എഫ്ഐആർ തയ്യാറാക്കിയത്.
നേരത്തെ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് 1000 വിദ്യാർഥികൾക്കെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തിരുന്നു. ജെഎൻയു ഹോസ്റ്റൽ ആക്രമണത്തിൽ പ്രതിഷേധിച്ച് വിവിധ സർവകലാശാല വിദ്യാർഥികളും സാമൂഹിക രംഗത്തെ പ്രമുഖരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.