ലഖ്‌നൗ: ഉത്തർപ്രദേശിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഉൾപ്പെട്ട 102 പേർക്കെതിരെ കേസ്. റാസ്ഡ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ പൊലീസുകാരനുൾപ്പെടെ 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തവരിൽ പേര് വ്യകതമല്ലാത്ത 60 പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര നാഥ് പറഞ്ഞു. പൊലീസുമായി ഏറ്റുമുട്ടുക, പൊലീസിനുനേരെ ഇഷ്ടിക എറിയുക, പൊലീസുകാരനുൾപ്പെടെ 12 പേർക്ക് പരിക്കേൽപ്പിക്കുക എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം ഏറ്റുമുട്ടലിൽ പരിക്കുപറ്റിയ പന്നലാൽ രാജ്ഭർ എന്നയാളെ (35) പോലീസ് മർദ്ദിച്ചുവെന്ന ആരോപണം ഡി.ഐ.ജി സുഭാഷ് ചന്ദ്ര ദുബെ നിഷേധിച്ചു. പന്നലാൽ രാജ്ഭറിന് വൈദ്യപരിശോധനയിൽ ശരീരത്തിൽ ഒരു പോറൽ പോലും കണ്ടെത്തിയില്ലെന്നും ചില ആളുകൾ ഇക്കാര്യം രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണെന്നും സുഭാഷ് ചന്ദ്ര ദുബെ പറഞ്ഞു. രാജ്ഭറിനെ മർദ്ദിച്ചുവെന്നാരോപിച്ച് പൊലീസുകാർക്കെതിരെ പ്രകോപിതരായ ഗ്രാമവാസികൾ വ്യാഴാഴ്ച ബല്ലിയ-ലഖ്‌നൗ ഹൈവേ തടഞ്ഞിരുന്നു. കൂടാതെ സംഭവം തടയാൻ എത്തിയ പൊലീസുകാരെ ഗ്രാമവാസികൾ ആക്രമിക്കുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ആറ് പൊലീസ് ഉദ്യോഗസ്ഥരും രണ്ട് മാധ്യമപ്രവർത്തകരും ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. അഡീഷണൽ പൊലീസ് സൂപ്രണ്ട് സഞ്ജയ് യാദവും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.