ചെന്നൈ: വിവിധ സംസ്ഥാനങ്ങളിലെ മത്സ്യത്തൊഴിലാളികൾ ഫൈബർ ബോട്ടുകളിൽ സ്വദേശത്തേക്ക് തിരിച്ചു. ആന്ധ്രാ പ്രദേശിലെയും ഒഡീഷയിലെയും 98ഓളം മത്സ്യത്തൊഴിലാളികളാണ് തിരികെ പോയത്. അതേ സമയം ദീർഘ ദൂര യാത്രക്ക് സാധാരണയായി ഉപയോഗിക്കാത്ത ഫൈബർ ബോട്ടുകളിലാണ് ഇവർ തിരികെ പോയതെന്നത് അധികൃതരെ ഞെട്ടിച്ചു. എന്നാൽ മത്സ്യത്തൊഴിലാളികൾക്ക് കടലിനെയും കാറ്റിനെയും കാലാവസ്ഥയെയും പറ്റി വ്യക്തമായ ധാരണയുണ്ടെന്നും അതിനാൽ മാത്രമാണിത് സാധ്യമായതെന്നും സൗത്ത് ഇന്ത്യൻ ഫിഷർമാൻ വെൽഫെയർ അസോസിയേഷൻ പ്രസിഡന്‍റ് കെ. ഭാരതി പറഞ്ഞു.
ഒരു ഫൈബർ ബോട്ടിന് ഒന്നര ലക്ഷം രൂപ നിരക്കിലാണ് ഒമ്പത് ബോട്ടുകൾ മത്സ്യത്തൊഴിലാളികൾ വാങ്ങിയത്. ലോക്ക് ഡൗണിനെ തുടർന്ന് നാടുകളിലേക്ക് പോകാൻ ഫിഷറീസ് വകുപ്പ് അനുവദിക്കാത്തതിനെ തുടർന്നാണ് മത്സ്യത്തൊഴിലാളികൾ ഫൈബർ ബോട്ടുകളിൽ സ്വദേശത്തേക്ക് തിരിച്ചതെന്ന് കെ. ഭാരതി പറഞ്ഞു. അഞ്ച് ദിവസം മുൻപാണ് യാത്ര തിരിച്ചതെന്നും കെ. ഭാരതി കൂട്ടിച്ചേർത്തു. അതേ സമയം ഫിഷറീസ് വകുപ്പിന് യാത്രയെക്കുറിച്ചുള്ള വിവരം ലഭിച്ചിരുന്നില്ല.