ന്യൂഡൽഹി: ഫിറോസ് ഷാ കോട്ട്ല സ്റ്റേഡിയം ഡൽഹി ജില്ലാ ക്രിക്കറ്റ് സമിതി (ഡിഡിസിഎ) പുനർനാമകരണം നടത്തി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം എന്നാക്കി. ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യാതിഥിയായിരുന്നു. ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഇന്ത്യൻ നായകൻ വിരാട് കോലിയുടെ പേരിൽ പുതിയ പവലിയന്‍റെ അനാച്ഛാദനവും നടന്നു.
വിരാട് കോലിയുടെ പകരം വയ്ക്കാൻ കഴിയാത്ത പ്രകടനങ്ങളിലും ടീമിന്‍റെ നേട്ടങ്ങളിലും വളരെയധികം അഭിമാനമുണ്ടെന്ന് ഡിഡിസിഎ പ്രസിഡന്‍റ് രജത് ശർമ പറഞ്ഞു. അരുൺ ജെയ്റ്റ്ലിയുടെ പിന്തുണയും പ്രോൽസാഹനവും കൊണ്ടാണ് വിരാട് കോലി, വീരേന്ദർ സേവാംഗ്, ഗൗതം ഗംഭീർ, ആഷിഷ് നെഹ്‌റ, റിഷഭ് പന്ദ് തുടങ്ങിയ പ്രഗൽഭരായ കളിക്കാർ ഇന്ത്യക്ക് അഭിമാനമായി മാറിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജെയ്റ്റ്ലി ഡിഡിസിഎ യിൽ ഉണ്ടായിരുന്ന സമയത്ത് സ്റ്റേഡിയം നവീകരണത്തിനായി മുൻകൈയെടുത്തിരുന്നു. കേന്ദ്ര കായിക മന്ത്രി കിരൺ റിജുജു, അരുൺ ജെയ്റ്റ്ലിയുടെ കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.