ചെന്നൈ: നാലാമതും പെണ്‍കുഞ്ഞായതിന്‍റെ നിരാശയില്‍ പിതാവും മുത്തശ്ശിയും ചേര്‍ന്ന് നാലു ദിവസമായ കുഞ്ഞിനെ വിഷം കൊടുത്ത് കൊന്നു. സംഭവത്തില്‍ കുട്ടിയുടെ പിതാവ് തവമണി (33), ഇയാളുടെ മാതാവ് പാണ്ടിയമ്മാൾ (57) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മധുരയിലാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം.
കുഞ്ഞ് അസുഖം ബാധിച്ച് മരിച്ചതാണെന്നും ശവസംസ്‌കാരം വീട്ടുവളപ്പില്‍ നടത്തിയെന്നും പിതാവും ബന്ധുക്കളും നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് പൊലീസ് പിതാവിനെ ചോദ്യം ചെയ്‌തപ്പോഴാണ് സംഭവത്തിന്‍റെ നിജഃസ്ഥിതി പുറം ലോകം അറിയുന്നത്.
എരിക്കിൻ പാൽ നൽകിയശേഷം കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് ഇവർ സമ്മതിച്ചു. കുഞ്ഞിന്റെ മൃതദേഹം കഴിഞ്ഞദിവസം പൊലീസ് പുറത്തെടുത്ത് പരിശോധന നടത്തി. തമിഴ്നാടിന്‍റെ ഉള്‍പ്രദേശങ്ങളില്‍ ഈ രീതിയില്‍ പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്ന രീതി വ്യാപകമാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. 21-ാം നൂറ്റാണ്ടിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് ഭീകരമാണെന്നും പെണ്‍ശിശുഹത്യ നിരക്ക് അവസാനിപ്പിക്കുന്നതിന് സമൂഹത്തില്‍ നിലനില്‍ക്കുന്ന ആണ്‍-പെണ്‍ വ്യത്യാസത്തിനെതിരെ പോരാടണമെന്നും കനിമൊഴി എംപി ട്വീറ്റ് ചെയ്‌തു.