ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് തന്‍റെ മണ്ഡലമായ വാരാണസിയിലെ ജനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിങ് നടത്തി. അടുത്ത 21 ദിവസത്തിൽ ഐക്യത്തോടെ കൊവിഡിനെതിരായുള്ള യുദ്ധം വിജയിക്കാമെന്ന് പ്രധാമന്ത്രി വാരാണസിയിലെ ജനങ്ങളോട് പറഞ്ഞു.
എംപി എന്ന നിലയിൽ ഈ സമയത്ത് ഞാൻ നിങ്ങളോടൊപ്പം ഉണ്ടാകേണ്ടതാണ്. എന്നാൽ ഡൽഹിയിൽ നടക്കുന്ന പ്രവർത്തനങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുമല്ലോ. വാരാണസിയെക്കുറിച്ച് സഹപ്രവർത്തകരിൽ നിന്ന് നിരന്തരം വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും മോദി സംസാരിച്ചു. കൊവിഡുമായി ബന്ധപ്പെട്ടുള്ള കൃത്യമായ വിവരങ്ങൾക്കായി സർക്കാർ വാട്ട്‌സ്ആപ്പിനൊപ്പം ഒരു ഹെൽപ്പ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. ആഹാരം കിട്ടാത്തവരെ സഹായിക്കാനും ആരോഗ്യ പ്രവർത്തകരോട് മാന്യമായി പെരുമാറാനും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.